മുംബൈ: ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസിക്കാർക്കുള്ള സേവനം നിർത്തിവയ്ക്കാൻ ആർബിഐ നിർദ്ദേശം. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി.

ക്രിപ്‌റ്റോ കറൻസികൾ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കുന്നില്ല. അതിനാൽ ഇത്തരം കറൻസിക്കാർക്കുള്ള നിർത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകുക ആയിരുന്നു. ക്രിപ്‌റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആർബിഐ സൂചിപ്പിച്ചു.

ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്‌റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദ്ദേശം.

നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.