- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിഎമ്മിന്ന് നിയമക്കുരുക്ക്; പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കേർപ്പെടുത്തി റിസർവ്വ് ബാങ്ക്; ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ ഉത്തരവിൽ
മുംബൈ: തുടർച്ചയായി ഷെയർമാർക്കറ്റിൽ ഇടിവു നേരിട്ട പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസർവ്വ് ബാങ്കും രംഗത്ത്. ആർ.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിർത്താൻ നിർദേശിച്ചു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ ഉത്തരവിൽ പറയുന്നു.
1949 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. 'പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം ആർബിഐ നൽകുന്ന പ്രത്യേക അനുമതിക്ക് വിധേയമായിരിക്കും' എന്നും സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഡിസംബറിൽ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ ലഭിച്ചതായി പേടിഎം പേയ്മെന്റ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കാണിത്. 2015 ഓഗസ്റ്റിലാണ് പേടിഎം പേമെന്റ് ബാങ്കിന് റിസർവ്വ് ബാങ്ക് അനുമതി നൽകിയത്. 2017 മെയ് 23നാണ് പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 58 മില്ല്യൺ അക്കൗണ്ടുകളാണ് പേടിഎം ബാങ്കിൽ ഉള്ളത്.
അടുത്തകാലത്തായി ഓഹരി വിപണിയിൽ വൻ തകർച്ചയാണ് പേടിഎം നേരിട്ടത്. ഇതിനെ അതിജീവിക്കാൻ വേണ്ടി വിപുലമായ പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. വാണിജ്യ ബാങ്കുകളുമായും എൻ.ബി.എഫ്.സികളുമായും സഹകരിച്ച് ചെറുകിട വ്യാപാരികൾക്ക് അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകാനും പദ്ധതി ഇട്ടിരുന്നു. ഈടില്ലാതെയാണു പേടിഎം തൽക്ഷണ വായ്പകൾ വാഗ്ദാനം ചെയ്തു രംഗത്തുവന്നത്.
മറുനാടന് ഡെസ്ക്