തിരുവനന്തപുരം: രാജ്യത്ത് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ വൻ പ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്ന വാർത്തകളാണ് പലയിടുത്തു നിന്നും പുറത്തുവരുന്നത്. ബാങ്കിങ് ലൈസൻസ് ഇല്ലാതെ തോന്നിയതു പോലെ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽ പിടിമുറുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലപാട് കൈക്കൊണ്ട നിലപാട് കൂടിയായപ്പോൾ കണക്കിൽ തിരിമറിയിലും നിക്ഷേപ തട്ടിപ്പു നടത്തുന്നത് പതിവാക്കിയ നിരവധി കമ്പനികൾക്ക് മേലാണ് പിടിവീണത്. കോട്ടയത്തെ കൊശമറ്റംമാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദു ചെയത് വിവരം മറുനാടൻ മലയാളി നേരത്തെ പുറത്തുവിട്ടിരുന്നു. ആർബിഐ പുറത്തുവിട്ട ലിസ്റ്റിൽ മറ്റ് വൻകിട കമ്പനികളും ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ക്രമക്കേടുകളുടെ പേരിൽ റിസർവ് ബാങ്ക് ലൈസൻസ് റദ്ദു ചെയ്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ മലയാള മനോരമ കുടുംബത്തിന്റെ സാമ്പത്തിക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി രജിസ്റ്റർ ചെയത് മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെതിരെയാണ് ആർബിഐ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ സെപ്റ്റംബർ 11ന് പുറത്തിറക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നു. മലയാളത്തിലെ അറിയപ്പെടുന്ന മാധ്യമ ഭീമൻ കുടുംബത്തിലെ കമ്പനിക്കെതിരെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

ഈ വർഷം ജൂലൈ 13നാണ് മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെതിരെ ആർബിഐ നടപടി കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന ബാങ്കിങ് ഇതരസ്ഥാപനമാണ് മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്. ലൈസൻസ് റദ്ദാക്കാൻ കാരണം എന്താണെന്ന വ്യക്തത കൈവന്നിട്ടില്ല. 1987ൽ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്. ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയ കമ്പനിയുടെ ഡയറക്ടർമാരായി മാമൻ ഫിലിപ്പ്, ജേക്കബ് മാമൻ, മാമൻ ഈപ്പൻ, അശോക് കണ്ടത്തിൽ കുര്യൻ, ഫിലിപ്പ് മാത്യു, അന്നു കുര്യൻ എന്നിവരാണ് ഉള്ളത്. ആർബിഐ പട്ടികയിൽ 224ാം നമ്പറായാണ് മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഇടംപിടിച്ചത്.

ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളം പ്രവർത്തിച്ചിരുന്ന 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതിൽ കേരളത്തിലെ ചില പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നു. കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സായിരുന്നു ലിസ്റ്റിൽ ഉൾപ്പെട്ട ഒരു പ്രമുഖ കമ്പനി. കർണാടക മന്ത്രികൂടിയായ കെ ജെ ജോർജ്ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ലീസിങ് ആൻഡ് ഫിനാൻസ് ലിമിറ്റഡാണ് റിസർവ് ബാങ്ക് പുറത്താക്കിയ മറ്റൊരു പ്രമുഖ സ്ഥാപനം. കോട്ടയം ചിങ്ങവനത്താണ് കെ ജെ ജോർജ്ജിന്റെ കുടുംബമെങ്കിലും വർഷങ്ങളായി കർണാടകയാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. ആർബിഐ പുറത്തുവിട്ട പട്ടികയിൽ കേളചന്ദ്ര ഇടംപിടിച്ചത് 210ാം നമ്പറിലാണ്.

നേരത്തെ കേരളത്തിൽ ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളുടെ ലിസ്റ്റിൽ കൊശമറ്റംമാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സിവെ കൂടാതെ കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്പെയേഴ്സ്,തിരുവനന്തപുരത്ത് ആർബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്മെന്റ്സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികഴും ഉൾപ്പെട്ടിരുന്നു. കേരളത്തിലെ 58 സ്ഥാപനങ്ങളുടെ ലൈസൻസാണ് ആർബിഐ റദ്ദാക്കിയത്.

4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറൻസിന് ആർബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈസൻസ് റദ്ദായത്. ഇതോടെ ഈ സ്ഥാപനങ്ങളെ വിശ്വസിച്ചു പണം ഏൽപിച്ച പാവപ്പെട്ടവരാണ് വെള്ളത്തിലാവുക. ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് തിരിച്ചുപിടിക്കുക സാധ്യമല്ല. പുതിയ ലൈസൻസിന് അപേക്ഷിക്കുക എന്നതാണ് സാധ്യമായ മാർഗ്ഗം. എന്നാൽ നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ആർബിഐ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിവതും ലൈസൻസ് നൽകുന്നത് നിരുത്സാഹപ്പെടുത്തുന്നതും കണ്ടുവരുന്നു. കടപ്പത്രങ്ങൾക്ക് പകരം നിക്ഷേപമായി ബാങ്കിങ് ഇതര സ്ഥാപനങ്ങൾ പണം സ്വീകരിച്ചുവരുന്ന പ്രവണത തടയാനും ആർബിഐ ലക്ഷ്യമിടുന്നു.