മുംബൈ: വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് ഇളവു വരുത്തി. കാൽ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും. എട്ട് ശതമാനത്തിൽ നിന്ന് 7.75 ശതമാനമായാണ് നിരക്ക് കുറച്ചത്. 2013 മേയിലാണ് ഇതിനു മുന്പ് റിപ്പോ നിരക്ക് കുറച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആർ.ബി.ഐയുടെ നീക്കം.

പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവുമാണ് പൊടുന്നനെ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാലു ശതമാനമായും വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്കിൽ കടമെടുക്കുന്‌പോൾ നൽകുന്ന റിവേഴ്‌സ് റിപ്പോ 6.75 ശതമാനമായും തുടരും. നേരത്തെ റിപ്പോ നിരക്ക് കുറയ്ക്കാൻ ആർ.ബി.ഐയ്ക്കു മേൽ വ്യവസായ ലോകം സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും പണപ്പെരുപ്പം ചൂണ്ടിക്കാട്ടി ഗവർണർ രഘുറാം രാജൻ ഇതിന് വഴങ്ങിയിരുന്നില്ല.