മുംബൈ: റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും. കരുതൽ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല.

ബാങ്കുകൾക്ക്, റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ 'റിപ്പോ നിരക്ക്' ഇപ്പോൾ എട്ട് ശതമാനമാണ്. ബാങ്കുകളുടെ അധിക ഫണ്ട് റിസർവ് ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയായ 'റിവേഴ്‌സ് റിപ്പോ' ഏഴു ശതമാനവും. ഈനിരക്കുകൾ തന്നെ തുടരാനാണ് തീരുമാനം.

ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും രാജ്യത്തെ പണപ്പെരുപ്പത്തിൽ നേരിയ കുറവുണ്ടായതും നിരക്കുകളിൽ മാറ്റം വരുത്തുമെന്നായിരുന്നു പ്രതീക്ഷ. നിരക്കുകൾ താഴ്ന്നാൽ മാത്രമേ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾ താത്പര്യം കാണിക്കുകയുള്ളൂ. ഇത് കാൽ ശതമാനമെങ്കിലും താഴ്‌ത്തണമെന്നായിരുന്നു വ്യവസായികളുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ആവശ്യം. ക്രൂഡോയിൽ വില വീപ്പയ്ക്ക് 70 ഡോളറിന് താഴേക്ക് എത്തിയതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞേക്കാം.

പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ കടുത്ത സമ്മർദമുണ്ടായിരുന്നു. രാജ്യത്തെ സാമ്പത്തിക വളർച്ച വേഗത്തിലാകുന്നതിന് നിരക്ക് കുറച്ചേ മതിയാകൂ എന്ന നിലപാടിലായിരുന്നു വ്യവസായ ലോകം. പലിശ നിരക്കുകൾ കുറച്ചാൽ മാത്രമേ വായ്പയ്ക്കുള്ള ആവശ്യകത വർധിക്കുകയുള്ളൂ. അതിനാൽ വ്യാവസായിക വളർച്ചയ്ക്കും പലിശ നിരക്കുകൾ കുറയേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ നിരക്കുകൾ കുറയ്ക്കാതെ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുകയെന്ന നിലപാടിലായിരുന്നു റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

ഒക്ടോബറിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.52 ശതമാനമായി താഴ്ന്നിരുന്നു.മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാകട്ടെ 1.77 ശതമാനത്തിലെത്തി നിൽക്കുകയാണ്. അഞ്ച് വർഷത്തെ താഴ്ന്ന നിരക്കാണ് ഇത്.