മുംബൈ: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് 2015-16 സാമ്പത്തിക വർഷത്തെ മൂന്നാമത്തെ വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളായ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. മൺസൂൺ മെച്ചപ്പെടുകയും നാണയപ്പെരുപ്പം നേരിയ തോതിൽ വർദ്ധിച്ചതിനേയും തുടർന്നാണ് നിരക്കുകൾ മാറ്റേണ്ടെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചത്.

ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന റിപ്പോ 7.25 ശതമാനത്തിലും ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് പണം സ്വീകരിക്കുമ്പോൾ നൽകുന്ന റിവേഴ്‌സ് റിപ്പോ 6.25ശതമാനത്തിലും തുടരും.

ബാങ്കുകളുടെ പലിശരഹിത കരുതൽ അനുപാതം (സിആർആർ) 4 ശതമാനമായി മാറ്റമില്ലാതെ തുടരും. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) നിരക്ക് 22.5 ശതമാനമായി തുടരും. സർക്കാർ കടപത്രങ്ങളിലും മറ്റും ബാങ്കുകൾ നടത്തേണ്ട നിക്ഷേപ അനുപാതമാണ് എസ്എൽആർ. രാവിലെ ചേർന്ന പണനയ അവലോകന യേഗത്തിലാണ് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നയം പ്രഖ്യാപിച്ചത്.

ഭക്ഷ്യവില സൂചിക ഉയരുമെന്നതിനാൽ പലിശനിരക്കിൽ ഇളവ് വരുത്താത്തത്. കുടാതെ മുൻ കാലങ്ങളിൽ റിസർവ് ബാങ്ക് നടത്തിയ പലിശ ഇളവിന് അനുബന്ധമായി ബാങ്കുകൾ വായ്പ പലിശ കുറയ്ക്കാത്തതിനാൽ ഇളവ് സാധാരണ ജനങ്ങൾക്ക് ഗുണകരമായിരുന്നില്ല. ഈ വർഷം 7.6 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്നും പണപ്പെരുപ്പം 2016 ജനുവരിയിൽ 6 ശതമാനത്തിൽ താഴെയാകുമെന്നും അറിയിച്ചു.

വിലക്കയറ്റ സാധ്യതയും പലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലെത്താൻ റിസർവ് ബാങ്കിനു പ്രേരണയായി. കാർഷികമേഖലയിൽ തുടരുന്ന തളർച്ച വിലക്കയറ്റം ഉയരാൻ കാരണമാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. ഈ വർഷം ഇതുവരെ വായ്പാനിരക്കിൽ മുക്കാൽ ശതമാനം കുറവാണു വരുത്തിയത്. വ്യവസായ മേഖലയ്ക്കു കരുത്തു പകരാൻ ലക്ഷ്യമിട്ടുള്ള ഈ നടപടിയുടെ ഗുണഫലം ജനങ്ങളിലെത്തിക്കാൻ വാണിജ്യബാങ്കുകൾ ഇനി മുൻകൈയെടുക്കണമെന്നും രഘുറാം രാജൻ പറഞ്ഞു.

അടുത്ത വായ്പാനയം പ്രഖ്യാപിക്കുന്ന സെപ്റ്റംബർ വരെ നിലവിലെ പലിശനിരക്കുകൾ തുടരും. സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ബഹുഭൂരിപക്ഷവും ഇതേ അഭിപ്രായമാണു പ്രകടിപ്പിച്ചത്. കാലവർഷം, വായ്പാവളർച്ച, നാണ്യപ്പെരുപ്പനിരക്ക്, സെപ്റ്റംബറിലെ അമേരിക്കൻ ഫെഡറൽ റിസർവ് യോഗം തുടങ്ങിയ ഘടകങ്ങൾകൂടി പരിഗണിച്ചതിനു ശേഷമേ ഇനി പലിശനിരക്കുകൾ കുറയ്ക്കാൻ സാധ്യതയുള്ളു. കഴിഞ്ഞ ജൂൺ രണ്ടിനാണ് ആർബിഐ അവസാനമായി പലിശകുറച്ചത്. അന്ന് റിപ്പോനിരക്ക് ഏഴരയിൽനിന്ന് ഏഴേകാൽ ശതമാനമായി കുറച്ചിരുന്നു.