മുംബൈ: 2000 രൂപയുടെ നോട്ടുകൾ ഇറക്കിയ റിസർവ് ബാങ്ക് 200 രൂപ നോട്ടുകൾ ഇറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോർഡ് യോഗം ഈ നിർദ്ദേശം അംഗീകരിച്ചതായയാണ് സൂചന.

കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആർബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ആർബിഐ വക്താവ് തയാറായിട്ടില്ല.

ആയിരവും അഞ്ചൂറും നോട്ടുകൾ പിൻവലിച്ചാണ് 2000 രൂപയുടെ നോട്ട് ആർബിഐ ഇറക്കിയത്. 500ന്റെ പുതിയ നോട്ടുകളും ഇറക്കി. എന്നാൽ ആയിരത്തിൽ നിന്ന് രണ്ടായിരമായി നോട്ട് മാറ്റിയപ്പോൾ ചില്ലറ പ്രതിസന്ധി രൂക്ഷമായി. മതിയായ അളവിൽ 500 രൂപ നോട്ട ഇറക്കാനുമായില്ല. ഇത് പ്രതിസന്ധിയുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പുതിയ 200 രൂപ നോട്ടുകൾ ഇറക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ഇതോടെ ചില്ലറയുമായി ബന്ധപ്പെട്ട പരാതി തീരുമെന്നും വിലയിരുത്തുന്നു.

കാഷ് ലെസ് എക്കണോമിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് നോട്ട് നിരോധനം നടപ്പാക്കിയത്. കള്ളനോട്ടുകൾ തടയുകയെന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.