മുംബൈ: 500, 2000 രൂപാ നോട്ടുകൾക്ക് പിന്നാലെ പുതിയ 50 രൂപാ നോട്ടുകളും പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. കർണാടകത്തിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനാണ് ആർബിഐ ഒരുങ്ങുന്നത്. ആർബിഐ ഗവർണർ ആർ. ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസിൽ ഉൾപ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുകയെന്നും ആർബിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പുതിയ നോട്ടുകൾ വന്നാലും പഴയ നോട്ടുകൾ വിപണിയിൽ തുടരും. ഫ്‌ലൂറസെന്റ് നീലയാണ് നോട്ടിന്റെ അടിസ്ഥാന നിറം. 66 എംഎം 135 എംഎം വലുപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും ആർബിഐ അറിയിച്ചു. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ രാജ്യത്ത് നിലനിന്നിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

2000 രൂപ നോട്ടുകൾ ചെറിയ തുകയുടെ ക്രയവിക്രയങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ പുതിയ 50 രൂപ നോട്ടുകൊണ്ട് സാധിക്കുമെന്നാണ് കരുതുന്നത്. ചെറിയ തുകയുടെ നോട്ടുകൾ ആർബിഐ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പ്രഖ്യാപനം.

66 എംഎം-135എംഎം വലിപ്പത്തിലുള്ള നോട്ടുകളായിരിക്കും ഇവ. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്തായിരിക്കും. ഭാരത്, ആർബിഐ എന്നിവ ആലേഖനം ചെയ്ത സുരക്ഷാ നാടയായിരിക്കും നോട്ടിലുണ്ടാവുക. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു വശത്തായിരിക്കും ഗവർണറുടെ ഒപ്പ്. അശോക സ്തംഭവും വലതുവശത്തായിരിക്കും. മുകൾ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകൾ.

നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇടതുവശത്തായി നോട്ട് പുറത്തിറങ്ങുന്ന വർഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോ, വിവിധ ഭാഷകളിലുള്ള നോട്ടിന്റെ മൂല്യം എന്നിവയും ഉണ്ടായിരിക്കും. ഏതാനും ദിവസങ്ങളായി റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 50 രൂപ നോട്ടുകളുടേതെന്ന പേരിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചെറിയ തുകയുടെ നോട്ടുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതൽ 50 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ്വ് ബാങ്ക് തീരുമാനിച്ചത്.