- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല; വിലക്കയറ്റ സമയത്ത് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ; എംഎസ്എംഇകൾക്ക് കൂടുതൽ വായ്പകൾ നൽകുമെന്നും പ്രഖ്യാപനം
ന്യൂഡൽഹി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ആറാം തവണയാണ് പലിശ നിരക്കിൽ യാതൊരു വരുത്താതെ ആർബിഐ മുന്നോട്ട് പോകുന്നത്. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ നിലനിർത്തി. അതേസമയം റിവേഴ്സ് റിപ്പോ 3.35 ശതമാനത്തിലും നിലനിർത്തി. ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്ഠ്യേനയാണ് ഈ തീരുമാനമെടുത്തത്.
2020 മെയിലാണ് ഇതിന് മുമ്പ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. അതേസമയം നേരത്തെ തന്നെ ആർബിഐയുടെ നയത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. അതേസമയം കോവിഡ് രണ്ടാം തരംഗവും സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയെ കുറിച്ചും ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് വിശദീകരിച്ചു.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വിലക്കയറ്റം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.
അതേസമയം കോവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ പോലെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു. 2022 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ നിരക്ക് 9.5 ശതമാനമായി കുറച്ചിട്ടുണ്ട് നേരത്തെ ഇത് 10.5 ശതമാനമായിരുന്നു.
റീട്ടെയിൽ പണപ്പെരുപ്പം 5.1 ശതമാനമായും ചിട്ടപ്പെടുത്തിയിട്ടുണ്ട് ആർബിഐ. വളർച്ച കുറയുമെന്ന സൂചനയാണ് ആർബിഐ നൽകുന്നത്. രണ്ടാം തരംഗത്തെ നേരിടാൻ വിവിധ മേഖലയിലേക്ക് വായ്പകൾ എത്തിക്കാനുള്ള നീക്കത്തിലാണ് ആർബിഐ.
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടൂറിസം, ട്രാവൽ ഓപ്പറേറ്റർമാർക്കും ബസ് ഓപ്പറേറ്റർമാർ, റിപ്പെയറിങ് വിഭാഗം, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കാനാണ് നീക്കം. എംഎസ്എംഇകളെ കൂടുതൽ സഹായിക്കാനാണ് നീക്കം. ഇതിലൂടെ വിപണിയിൽ പണലഭ്യത ശക്തമാക്കാനും അതിലൂടെ സമ്പദ് വ്യവസ്ഥയെ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാനുമാണ് ആർബിഐ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ