- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാങ്കെഡെയിൽ കാർത്തിക്കിന്റെ ആറാട്ട്; ഡൽഹിക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 16 റൺസ് വിജയം; വാർണറിന്റെ പോരാട്ടവും വിജയം കണ്ടില്ല

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. 16 റൺസിനാണ് ബാംഗ്ലൂർ വിജയം കണ്ടത്. ദിനേശ് കാർത്തികിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് റോയൽസിന് വിജയം കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
190 റൺസ് വിജയലക്ഷ്യമുയർത്തി. ഡൽഹിയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173ൽ ഒതുങ്ങുകയായിരുന്നു. ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണർ 66 റൺസെടുത്തെങ്കിലും വിജയം കണ്ടില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാർത്തിക്കാണ് ബാംഗ്ലൂരിനെ 189 റൺസിലെത്തിച്ചത്. 34 പന്തുകൾ നേരിട്ട കാർത്തിക്ക് അഞ്ച് വീതം സിക്സും ഫോറുമടക്കം 66 റൺസോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് കാർത്തിക്ക് 97 റൺസാണ് ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തത്. 21 പന്തുകൾ നേരിട്ട ഷഹബാസ് 32 റൺസോടെ പുറത്താകാതെ നിന്നു.
അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലും ബാംഗ്ലൂരിനായി തിളങ്ങി. 34 പന്തുകൾ നേരിട്ട മാക്സ്വെൽ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 55 റൺസെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റേത് മോശം തുടക്കമായിരുന്നു. 2.3 ഓവറിൽ 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അനുജ് റാവത്ത് (0) ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (8) എന്നിവരെ അവർക്ക് നഷ്ടമായി. വീണ്ടം നിരാശപ്പെടുത്തിയ വിരാട് കോലി 14 പന്തിൽ നിന്നും 12 റൺസ് മാത്രമെടുത്ത് ഏഴാം ഓവറിൽ റണ്ണൗട്ടായി. വൈകാതെ സുയാഷ് പ്രഭുദേശായ് (6), മാക്സ്വെൽ എന്നിവരും മടങ്ങിയതോടെ ബാംഗ്ലൂർ അഞ്ചിന് 92 റൺസെന്ന നിലയിലായി. എന്നാൽ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ദിനേഷ് കാർത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്സിനാണ്. മുസ്തഫിസുർ എറിഞ്ഞ 18-ാം ഓവറിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 28 റൺസാണ് കാർത്തിക്ക് അടിച്ചുകൂട്ടിയത്. മുസ്തഫിസുർ നാല് ഓവറിൽ 48 റൺസും കുൽദീപ് യാദവ് 46 റൺസും വഴങ്ങി.


