ഞാനൊരു കാൻസർ രോഗിയാണ്. അങ്ങനെ പറയാൻ എനിക്ക് പേടിയോ മടിയോ ഇല്ല. അത്തരത്തിലുള്ള ഒരു മാനസികമായ അവസ്ഥ എന്നിൽ സൃഷ്ടിച്ചത് തിരുവനന്തപുരത്തിന്റെ അഭിമാനവും എന്നെപ്പോലെയുള്ളവരുടെ സ്വന്തം തറവാടുമായ റീജിയണൽ കാൻസർ സെന്റർ എന്ന മഹാ സ്ഥാപനമാണ്. ഇപ്പോൾ ചില കുബുദ്ധികളും ഒറ്റുകാരും പണത്തിന് എന്ത് നെറികേടും വിളിച്ചു പറയുന്ന ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളും ചേർന്ന് ആർ സി സി യ്ക്ക് എതിരെ ചില ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു.

ഒരു രോഗി എന്ന നിലയിൽ എന്റെ അനുഭവങ്ങൾ കൂടി ഞാനിവിടെ അവതരിപ്പിക്കുന്നു... ഈ അനുഭവങ്ങൾ മുഴുവൻ RCC യുമായി ബന്ധപ്പെട്ടതാണ് .ഇതു കൂടി വായിച്ച ശേഷം നിങ്ങൾക്ക് തീരുമാനിക്കാം.'' അന്വേഷിക്കാം.'' ശരിയേതാണെന്ന്....4 വർഷം മുമ്പാണ് എനിക്ക് കാൻസർ രോഗം പിടിപെടുന്നത്. ഒരാൾക്ക് കാൻസർ വന്നാൽ സമൂഹം അയാളെ മറക്കാനാണ് ആഗ്രഹിക്കുന്നത്. രോഗം പിടിപെട്ട ആൾ ജീവനോടെ ഉണ്ടോ ? അതോ മരിച്ചോ ? എന്നായിരിക്കും പലരും അന്വേഷിക്കുന്നത്.രോഗം പകരുമോ ? എന്ന ഇല്ലാത്ത ഭീതിയും പങ്കുവയ്ക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള നൂറ് കൂട്ടം അന്ധവിശ്വാസങ്ങളെയും കടുത്ത വേദനയെയും അനുഭവിച്ച് കൊണ്ട് വേണം രോഗത്തെ നേരിടാൻ ...

എനിക്ക് ആദ്യം റേഡിയേഷൻ ചികിത്സയാണ് നിശ്ചയിച്ചത്. അത് ഡോക്ടർമാരുടെ കൂട്ടായ ( ട്യൂമർ ബോർഡ്) തീരുമാനമാണ്. രോഗിയുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്കും ചികിത്സാരീതി തെരെഞ്ഞെടുക്കുന്നതിന് അവസരം നൽകും . അതിനാവശ്യമായ കൗൺസിലിംഗും എനിക്ക് ലഭിച്ചിരുന്നു.നിർഭാഗ്യത്തിന് റേഡിയേഷൻ ചികിത്സ എനിക്ക് ഫലപ്രദമായിരുന്നില്ല. വീണ്ടും കുറച്ചു മാസങ്ങൾക്ക് ശേഷം സ്ഥിതി വീണ്ടും വഷളായി. ചുമയും ശ്വാസം മുട്ടലും കലശലായി.

സി റ്റി സ്‌കാൻ , ബയോപ്‌സി പരിശോധനകൾ ആവർത്തിച്ചു. അവയൊക്കെ നെഗറ്റീവ് ആയിരുന്നു. അപ്പോഴും വോക്കൽ കോഡിന്റെ ചലനശേഷി വീണ്ടെടുത്തിരുന്നില്ല. ബയോപ്‌സി പരിശോധനയ്ക്കായി എനിക്ക് എൻഡോസ് കോപ്പി നടത്തിയിരുന്നു. ശ്രീമതി എലിസബത്ത് മാത്യു ഐപ്പ് ഡോക്ടറാണ് എന്നെ എൻഡോ കോപ്പി പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു ' നിങ്ങൾക്ക് രോഗം മാറിയിട്ടില്ല . മാത്രമല്ല രോഗം മൂന്നാം ഘട്ടം പിന്നിട്ടിരിക്കുന്നു '' . എന്തിനും ഏതിനും ഇന്റർ നെറ്റിന്റെ സഹായം തേടുന്നഎന്റെ അന്വേഷണങ്ങൾ എന്റെ അസുഖത്തിന്റെ യഥാർത്ഥ അവസ്ഥ ബോധ്യമാക്കിത്തന്നു.

അത് ശരിയാണോ എന്ന് ഉറപ്പിക്കാൻ എറണാകുളത്ത് അമൃതയിൽ പോയി പെറ്റ് സ്‌കാൻ ചെയ്തു.(അന്ന് RCC യിൽ പെറ്റ് സ്‌കാൻ സംവിധാനമില്ല ) ഡോക്ടറുടെ നിഗമനങ്ങൾ കൃത്യം . രോഗം വളരെ ഗുരുതരമായ അവസ്ഥയിൽ എന്നിൽ അവശേഷിക്കുന്നു . അപ്പോഴാണ് ഒരു കാര്യം ബോധ്യപ്പെടുന്നത് .... സി റ്റി അടക്കമുള്ള പല പരിശോധനകളിലും പിഴവുകൾ വരാമെന്ന് ...
തുടർന്ന് എനിക്ക് ലാരിൻജക്ടമി ശസ്ത്രക്രിയ നടത്തി . എലിസബത്ത് മാഡ മാണ് ചെയ്തത്. എൻഡോസ്‌കോപ്പി പരിശോധനയ്ക്ക് മുമ്പ് എനിക്ക് ഡോക്ടറെ ഒരു പരിചയവും ഉണ്ടായിരുന്നില്ല.ഓപ്പറേഷൻ വിജയകരമായിരുന്നു.

റേഡിയേഷൻ കഴിഞ്ഞ ഭാഗത്ത് ശസ്ത്രക്രിയ നടത്തുന്നതിന്റെ റിസ്‌ക്ക് എത്ര മാത്രമെന്ന് നെറ്റിൽ നോക്കിയാൽ മതി. ഓപ്പറേഷന് ശേഷം IC യൂണിറ്റിൽ എന്നെ കിടത്തിയിരിക്കുന്നു. ഓർമ്മ വന്ന ഞാൻ ആദ്യം കാണുന്നത് മാഡത്തെയാണ്. എന്റെ ദേഹം മുഴുവനും ട്യൂബുകൾ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു കൈകളിലും ട്യൂബ് ഉണ്ട് . അനങ്ങാൻ പറ്റില്ല.മൂക്കിലൂടെ ആഹാരം കഴിക്കാനുള്ള റൈസ് ട്യൂബ് ഇട്ടിട്ടുണ്ട് . ആകെ ട്യൂബ് മയം' '' അടുത്ത നിന്ന നഴ്‌സിനോട് ഡോക്ടർ ചില നിർദ്ദേശങ്ങൾ നൽകുന്നു.' ഇദ്ദേഹം ഒരു അദ്ധ്യാപകനാണ് ... അതു കൊണ്ട് എഴുതാൻ പേപ്പറും പേനയും നൽകണം :..' നൽകിയ നിർദ്ദേശങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.. ഒന്നു ചലിക്കാൻ പോലും കഴിയാത്ത ഞാൻ എഴുതാനോ ? പക്ഷേ ആ പ്രചോദനം '' '' വാക്കുകൾ എന്നിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ് . വലതു കൈയിൽ പിടിപ്പിച്ചിരുന്ന യന്ത്രസാമഗ്രികൾ മാറ്റിയത് മുതൽ ഞാൻ എഴുതാൻ തുടങ്ങി. വാർഡിലെ കിടക്കയിലിരുന്ന് ആദ്യം സ്‌കൂളിൽ ചെയ്യേണ്ട കാര്യങ്ങൾ എഴുതിത്ത്ത്തുടങ്ങി .... അവ ആശുപത്രി ജീവനക്കാർ ... ബന്ധുക്കൾ .... വഴി എന്റെ സ്‌കൂളിലെത്തി. പിന്നെ പിന്നെ എഴുത്ത് എനിക്ക് ഹരമായി '' ' ഡോക്ടർ എഴുതിയ പുസ്തകങ്ങൾ മൊഴിമാറ്റം നടത്തുന്നതിന് എന്നെ ഏൽപ്പിച്ചു. ഞാൻ എന്റെ അസുഖത്തെ കഠിനമായ വേദനകളെ മറന്നു... ഓപ്പറേഷന് ശേഷമുള്ള വിശ്രമത്തിനിടയിലും എഴുത്തും വായനയും തുടർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ഡോക്ടറും എനിക്ക് വായിക്കാൻ പുസ്തകങ്ങളും എഴുതാൻ പഴയ ഡയറികളും എത്തിച്ചു തന്നു.(ഇപ്പോഴും ഞാൻ എന്റെ TM എഴുതുന്നത് ഡോക്ടർ തന്ന ഡയറിയിലാണ്) പ്രചോദനം എന്ന വാക്കിന്റെ അർത്ഥം തിരിച്ചറിഞ്ഞ നാളുകൾ '' ''

ഇടയ്ക്ക് കടുത്ത പനി എന്നെ ബാധിച്ചു. ചെറിയ ഇൻഫക്ഷനൊക്കെ പ്രാദേശികമായി കാണാൻ കഴിയുന്ന ഒരു ഡോക്ടറെ കാണിക്കണമെന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം ( അത്തരക്കാർക്ക് കൂടി അവസരം നൽകിയാൽ RCC യിലെ തിരക്ക് താങ്ങാൻ പറ്റാതാകും ) ഞങ്ങളുടെ പ്രിയപ്പെട്ട ഏറ്റവും അടുത്ത ഡോക്ടർ ശിവകുമാർ സാറിനെ കണ്ടു. മരുന്നു കഴിച്ചു തുടങ്ങി . എന്തിനും ഡോക്ടർ കൂടെയുണ്ടായിരുന്നു. പക്ഷേ പനി കുറഞ്ഞില്ല. ഒരു ദിവസം രാത്രി 1 മണി കഴിഞ്ഞിരിക്കും . ഓപ്പറേഷൻ കഴിഞ്ഞ ഭാഗത്ത് ലീക്കായി .പൊട്ടിയൊലിച്ചു. വീട്ടിൽ കൂട്ട നിലവിളിയായി . കരഞ്ഞുകൊണ്ട് ബീന ( ഭാര്യ) ഡോക്ടറെ വിളിച്ചു.

അന്ന് ആദ്യമായാണ് ഡോക്ടറെ ഫോണിൽ വിളിക്കുന്നത്. വിളിച്ചയുടൻ ഡോക്ടർ ഫോൺ എടുത്തു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പേടിക്കേണ്ട രാവിലെ RCC യിൽ എത്തിയാൽ മതി എന്നു സമാധാനിപ്പിച്ചു. ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു.അല്പം കഴിഞ്ഞ് തിരിയെ ഇങ്ങോട്ടു വിളിച്ചു. വാങ്ങി വരേണ്ട സാമഗ്രികൾ കുറിക്കാൻ പറഞ്ഞു തന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് 7 തവണയെങ്കിലും മാഡം വിളിച്ചിട്ടുണ്ടാവും . ഞങ്ങൾ അവിടെ എത്തുമ്പോൾ എലിസബത്ത് മാഡത്തിന്റെ നിർദ്ദേശ പ്രകാരം ഡോ. ദീപക് ഞങ്ങളെ കാത്തുനിൽപുണ്ടായിരുന്നു. അല്പം കഴിഞ്ഞ് റൗണ്ട് സിന് മുമ്പ് മേഡവും എന്നെ കാണാൻ എത്തി. പതുക്കെ ഞാൻ വിഷമസന്ധികളെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.അതിശക്തമായി '' '' ഇപ്പോൾ ഞാൻ എന്റെ വിദ്യാലയത്തിന് വേണ്ടി 15 മണിക്കൂറോളം ദിനവും ജോലി ചെയ്യുന്നു. ഈ കരുത്ത് എനിക്ക് തിരിയെ ലഭിച്ചത് RCC എന്ന ആരോഗ്യ രക്ഷാ കേന്ദ്രത്തിലെ പേര് അറിയുന്നവരും അല്ലാത്തവരുമായ നൂറ് കണക്കിന് ജീവനക്കാരുടെ കൂട്ടായ്മയും സമർപ്പണ മനോഭാവവും കൊണ്ടാണ്.
എന്റെ കൈയിലും കാലിലും കഴുത്തിലും തോളിലും മറ്റും നിരവധി പാടുകൾ ഇപ്പോഴുമുണ്ട് . അവയുടെയൊക്കെ ഫോട്ടോ പിടിച്ച് RCC യ്‌ക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.''

അതിന് ഒത്താശ പാടുന്ന ചാനലിന്റെ ഉദ്ദേശ്യവും സാക്ഷര കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്ക് മനസ്സിലാകും.ഓർക്കുക ....ഇത് UP യും ത്രിപുരയും ഒന്നുമല്ല കേരളമാണ് .ഞങ്ങൾക്ക് വേണ്ടത് ഇതൊന്നുമല്ല.''ഓപ്പറേഷൻ പോലും തിയതികൾ ഒരു മാസം കഴിഞ്ഞുള്ളതാണ് Rcc യ്ക്ക് അനുവദിക്കാൻ കഴിയുന്നത്. അത് മാറാൻ കൂടുതൽ തിയേറ്റർ സംവിധാനങ്ങൾ , മതിയായ ഡോക്ടർമാർ , മറ്റ് ജീവനക്കാർ എന്നിവ വേണംമരുന്നു വാങ്ങാൻ ,പൈസ അടയ്ക്കാൻ , രക്ത പരിശോധനയും മറ്റും നടത്താൻ മണിക്കൂറുകളോളം കാത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കണം
സ്‌കാൻ പോലുള്ള പരിശോധനകൾക്ക് തിയതി നിശ്ചയിച്ച് നൽകേണ്ട സ്ഥിതി ഒഴിവാക്കാൻ നടപടി വേണം''ഈസോ ഫാഗസ് സ്പീച്ച് പോലുള്ള കാൻസർ അതിജീവന പരിശീലനങ്ങൾക്ക് കുറച്ചു കൂടി മികച്ച സംവിധാനങ്ങൾ ഒരുക്കണംഇടുങ്ങിയ മുറികളിൽ കുത്തി നിറച്ച ഉപകരണങ്ങൾക്കിടയിൽ ആൾക്കൂട്ടത്തിന്റെ തിരക്കുകൾക്കിടയിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാതെ നിരന്തരമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും (ഇപ്പോൾ അല്പം മാറ്റം വന്നിട്ടുണ്ട് '' ''പര്യാപ്തമല്ല)

മറ്റ് ജീവനക്കാരുടെയും ജോലിയോടുള്ള പ്രതിബന്ധത എന്ത് എന്ന് ഒരു സാധാരണക്കാരനായ രോഗിയായ എനിക്ക് നന്നായി അറിയാം.കൃത്യമായി അറിയണമെങ്കിൽ ജനറൽ വാർഡിൽ ഒരു ദിവസമെങ്കിലും കിടക്കണം.ആഹാരം കഴിക്കാൻ പോലും ചിലപ്പോൾ നഴ്‌സിങ് വിഭാഗത്തിലെ സഹോദരിമാർക്ക് കഴിയാറില്ല.''പറഞ്ഞാൽ തീരില്ല .... എന്റെ അനുഭവങ്ങൾ..ഞാൻ സ്‌നേഹിക്കുന്ന എന്റെ ജീവിത ആശ്രയ കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ജീവൻ പണയം വച്ച് നേരിടും... അത്തരം ചാനലുകളെ കൺവെട്ടത്തു നിന്ന് മാറ്റി നിറുത്തണം. ഇതുകൊണ്ടൊന്നും തളരരുത്.''ആദരണീയ Rcc യിലെ ഡോക്ടർമാക്കും ജീവനക്കാർക്കും പിന്തുണയും കരുത്തുമായി ഞങ്ങളുമുണ്ട്
പ്രണാമത്തോടെ
പ്രേംജിത്ത് പി.വി
ഹെഡ്‌മാസ്റ്റർ
ഗവ. LPS ചുണ്ടവിളാകം