കൊച്ചി: അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ആക്കംകൂട്ടുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന് ഇന്ന് (14.11.2018) സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ പച്ചക്കൊടികാട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം കർഷകദ്രോഹമാണെന്നും കരാർ ചർച്ചകളിൽ നിന്ന് കർഷകരക്ഷയ്ക്കായി കേന്ദ്രസർക്കാർ പിന്മാറണമെന്നും രാഷ്ടീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുദിവസമായി സിംഗപ്പൂരിൽ നടന്ന ഇന്ത്യയും ചൈനയും ആസിയാനുമുൾപ്പെടെ 16 ആർസിഇപി അംഗരാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുടെ സമ്മേളനത്തിൽ കരാറിന്റെ തുടർചർച്ചകളുമായി മുന്നോട്ടുനീങ്ങുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇൻഫാമുൾപ്പെടെ ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങളും കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളും കരാർ നടപ്പാക്കിയാൽ കാർഷിക വ്യവസായിക മേഖലയിലുണ്ടാകുന്ന തകർച്ച ചൂണ്ടിക്കാട്ടിയിട്ടും കരാറിൽ നിന്ന് സർക്കാർ പിൻതിരിയാത്ത നടപടി അപലപനീയമാണ്.
ഇന്ന് (14.11.2018) പ്രധാനമന്ത്രി നരേന്ദ്ര മോദി ആർസിഇപി ഉച്ചകോടിയിൽ പങ്കെടുത്ത് കരാർ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് പ്രഖ്യാപിക്കും.

ചൈനയുമായുള്ള സ്വതന്ത്രവ്യാപാരം ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് പൊതുവായും കാർഷികമേഖലയ്ക്ക് പ്രത്യേകിച്ചും വൻപ്രഹരമേൽപ്പിക്കുമ്പോൾ അംഗരാജ്യങ്ങളിൽ ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകൾക്ക് നിക്ഷേപമിറക്കാനും വിദഗ്ദ്ധർക്ക് തൊഴിലിനുമുള്ള അവസരവും ലഭിക്കുമെന്ന് ഉയർത്തിക്കാട്ടാനാണ് കേന്ദ്രസർക്കാർ ഇതുവരെയും ശ്രമിച്ചത്. ഈ നിലപാട് തുടർന്നാൽ ഇന്ത്യൻ കാർഷികമേഖലയുടെ മരണമണി സിംഗപ്പൂർ ഉച്ചകോടിയിൽ മുഴങ്ങുമെന്നും കരാർ ചർച്ചകളിൽനിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും വി,സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആർസിഇപി കരാറിനെതിരെ കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന കർഷകപ്രതിഷേധ സമ്മേളനത്തിന് തൃശ്ശൂർ ജില്ലയിൽ ഇന്നലെ (13.11.2018) തുടക്കമായി. പരിയാരത്ത് നടന്ന കർഷകസമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൺവീനർ കെ.വി.ബിജു, വൈസ് ചെയർമാൻ ജോർജ് ജോസഫ് തെള്ളിയിൽ, സംസ്ഥാന കൺവീനർമാരായ അഡ്വ.ബിനോയ് തോമസ്, ജിന്നറ്റ് മാത്യു, കെ.പി.ചാക്കോ, കെ.കെ.ജോസഫ് മാസ്റ്റർ, അബ്രാഹം മൊറേലി, ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.