കോഴിക്കോട്: പരസ്പരം പാരവെപ്പും കുതികാൽ വെട്ടും അഴിമതിയുമായി തടിച്ചു കൊഴുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫീസ്. അതാണ് കോഴിക്കോട് ആർ.ഡി.ഡി. ( റീജനൽ ഡെപ്യൂട്ടി ഡയറകടർ ഓഫീസ്). കോഴിക്കോട്, വയനാട് ജില്ലകളിലെ ഹയർസെക്കൻഡറി അദ്ധ്യാപകരാണ് ഓഫീസിന്റെ കുത്തഴിഞ്ഞ അവസ്ഥയിൽ ദുരിതത്തിലായത്. പരസ്പരം പാരവെപ്പിനിടയിൽ ഒരു വിക്കറ്റ് കഴിഞ്ഞ ദിവസം വീണു. ആറ് മാസം മുമ്പ് ചാർജ്ജെടുത്ത കോഴിക്കോട് ആർ.ഡി.ഡി.ശകുന്തളയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. കണ്ണൂർ ആർ.ഡി.ഡിയായിരുന്ന ഗോകുൽ ക്യഷ്ണയെ കോഴിക്കോടേക്ക് മാറ്റി നിയമിച്ചു. നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ തിരക്കിട്ട് കോഴിക്കോടേയ്ക്ക് സ്ഥലം മാറ്റിയത്.

ഓഫീസിലെ ജീവനക്കാർ തമ്മിലുള്ള പോര് വിദ്യഭ്യാസ വകുപ്പിൽ അങ്ങാടിപ്പാട്ടാണ്. ശകുന്തള കോഴിക്കോട് ആർ.ഡി.ഡിയായ സമയത്ത് റൂമിൽ നിന്നും സമീപത്തേക്ക് പുറത്തിറങ്ങുമ്പോൾ പോലും ഓഫീസ് താഴിട്ട് പൂട്ടിയാണ് പുറത്തേക്കിറങ്ങുന്നത്. അത്രക്ക് വിശ്വാസമാണ് കൂടെയുള്ള സഹപ്രവർത്തകരെ. തന്റെ മേശപ്പുറത്തുള്ള ഫയലുകൾ തിരിച്ച് വരുമ്പോൾ കാണുമോയെന്ന ആശങ്കയാണ് മാഡത്തിനെന്ന് ജീവനക്കാർ തന്നെ വിശദീകരിക്കുന്നത്.അത്രക്ക് ഗൗരവമാണ് ഓഫീസിലെ പാരവെപ്പ്.

കഴിഞ്ഞ യു.ഡി.എഫ്.ഭരണത്തിലും ഇങ്ങനെയായിരുന്നു ഓഫീസെന്നാണ് ഹയർസെക്കൻഡറി അദ്ധ്യാപകർ തന്നെ വിശദീകരിക്കുന്നത്. ഓഫീസിലെ എല്ലാ കാര്യങ്ങളും 'പൂർണമായി' ചെയ്യുമെന്ന് പറയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ ഭരണ കാലത്ത് രാവിലെ സ്ഥലം മാറ്റി. 'ഉണ്ണിയാർച്ചയുണ്ടോ' വിടുന്നു. ഭരണകൂടം ശരിക്കും സടകുടഞ്ഞെഴുനേറ്റു. രാവിലെ മാറ്റിയ സ്ഥലം വൈകുന്നേരത്തേക്ക് റദ്ദാക്കി. ഇത്രയും ഉന്നത തലങ്ങളിൽ പിടിപാടുള്ള പുലികൾ പ്രവർത്തിക്കുന്ന ഇടമാണിത്.

എൽ.ഡി.എഫ്.സർക്കാർ അധികാരത്തിൽ വന്ന ഉടനെ ആർ.ഡി.ഡി ഓഫീസ് ഉടച്ചു വാർക്കാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ വർഷം രണ്ടരയായിട്ടും ഒരു നടപടിയും ഉണ്ടായില്ല. അതിനിടയിലാണ് ആറ് മാസം മുമ്പ് കോഴിക്കോടേക്ക് പുതിയ ആർ.ഡി.ഡിയായി ശകുന്തള വരുന്നത്. വന്ന ഉടനെ താഴെക്കിടയിലുള്ള താപ്പാനമാരെ ശരിയാക്കാനായിരുന്നു തീരുമാനം. അവരെ കുറിച്ച് നേരത്തെ നല്ല കേട്ടറിവുള്ളതിനാൽ കൂടുതൽ ജാഗ്രതയോടെയായി കാര്യങ്ങളുടെ നീക്ക് പോക്ക്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ടിടപെട്ടിട്ടും വില്ല്യാപ്പളി സ്‌ക്കൂളിലെ അദ്ധ്യാപകന്റെ നിയമനാംഗീകാരം കട്ടപുകയായി.

പല സ്‌ക്കൂളുകളിലെയും ഫയലുകൾ കാണാതായ സംഭവങ്ങൾ ഓഫീസിൽ ഉണ്ടായിട്ടുണ്ട്. സിപിഎം. ജില്ലാ സെക്രട്ടറി പി.മോഹനൻ തന്നെ നേരിട്ടിടപെട്ട കേസുകളിലെ ഫയലുകൾ പോലും അപ്രത്യക്ഷമായ സംഭവങ്ങൾ ഓഫീസിൽ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പല വട്ടം വിവിധ പ്രശ്‌നങ്ങളിൽ ഇടപെട്ടിട്ടും യാതൊരു കുലുക്കവുല്ലാതെയായി. ജീവനക്കാർ തമ്മിൽ ഇതിന്റെ പേരിൽ കടുത്ത ചേരിപ്പോരിലുമായി. ഹയർസെക്കൻഡറി ഡയറക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ശാസന നൽകിയിട്ടും ആർ.ഡി.ഡി.ക്ക് ഒരു കുലുക്കവുമുണ്ടായില്ല.

ഓഫീസിലെ ചില 'അപൂർണമായ' ഉണ്ണിയാർച്ചകൾ ഇതിനിടയിൽ സടകുടഞ്ഞെഴുനേറ്റു. ഓഫീസിന്റെ ഈ പോക്കിന്റെ പിന്നിൽ ആർ.ഡി.ഡി.യാണത്രെ. അവരെ സ്ഥലം മാറ്റാതെ ഓഫീസ് നന്നാവില്ലെന്ന്. എന്നാൽ അടിമുടി ഓഫീസിൽ ശുദ്ധി കലശം വേണമെന്ന് മന്ത്രിയുടെ സെക്രട്ടറിമാർ കട്ടായം പറഞ്ഞതാണ്. അത്രക്ക് വഷളാണ് ഓഫീസിലെ കാര്യമെന്ന് എല്ലാവർക്കും അറിയാം. ഒരു തല ഉരുണ്ടെന്നേയുള്ളൂ. പല തലകളും താമസിയാതെ ഉരുളുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. ഉണ്ണിയാർച്ചകളുടെ വീഴ്ചകൾ താമസിയാതെ കാണാമെന്ന് ഉന്നത തലങ്ങളിൽ പിടിപാടുള്ള അദ്ധ്യാപക സംഘടനാ നേതാക്കളും പറയുന്നുണ്ട്.