- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീക്ഷണം മുൻ ഫോട്ടോഗ്രാഫർ ഭൂപതിയുടെ മരണവുമായി ബന്ധപ്പെട്ട് പി ടി തോമസ് എംഎൽഎയെ വിമർശിച്ച മാർട്ടിൻ മേനാച്ചേരിക്ക് മറുപടിയുമായി വീക്ഷണം മാനേജ്മെന്റ്; മാർട്ടിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധം; പരസ്യ തുക വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചതിനെ തുടർന്നാണ് മാർട്ടിനെ വീക്ഷണത്തിൽ നിന്ന് പുറത്താക്കിയത്; വിവാദത്തിൽ വീക്ഷണം സീനിയർ ഡപ്യൂട്ടി എഡിറ്ററുടെ മറുപടി ഇങ്ങനെ..
കൊച്ചി: അന്തരിച്ച വീക്ഷണം മുൻ ഫോട്ടോഗ്രാഫറായിരുന്ന ഭൂപതിയുടെ മരണവുമായി ബന്ധപ്പെട്ട് പി ടി തോമസ് എം എൽ എയെ വിമർശിച്ച മാർട്ടിൻ മേനാച്ചേരിക്ക് മറുപടിയുമായി വീക്ഷണം മാനേജ്മെന്റ് രംഗത്ത്. മാർട്ടിന്റെ പേരിൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന കാര്യങ്ങൾ അസത്യവും വസ്തുതാ വിരുദ്ധമാണ്. പി ടി തോമസ് വീക്ഷണത്തിന്റെ മാനേജിങ് ഡയറക്ടറായി ചാർജ്ജെടുത്തത് 2017 മാർച്ച് 23ന് ആണ്. ഔദ്യോഗികമായി വീക്ഷണം ഓഫീസിൽ എത്തി ചാർജെടുക്കുന്നത് 2017 ഏപ്രിൽ 2ന് ആണ്. ന്യൂസ് എഡിറ്ററായി ബാബു കദളിക്കാടിനെ നിയമിച്ചതിലുള്ള എതിർപ്പിനെ തുടർന്ന് 2017 ഏപ്രിൽ 6 നു ഭൂപതി നേരിട്ട് എം ഡിയെ കണ്ട് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. പി ടി തോമസ് എം ഡിയായിരുന്ന കാലയളവിൽ ശമ്പളയിനത്തിൽ ഒരു രൂപ പോലും ഭൂപതിക്ക് നൽകാനില്ല. ജീവിച്ചിരുന്ന കാലം മുഴുവൻ വളരെ സൗഹാർദ്ദപരമായി മാത്രമാണ് ഭൂപതി പി ടി തോമസിനോടും വീക്ഷണത്തോടും പെരുമാറിയിരുന്നതെന്ന് സീനിയർ ഡപ്യൂട്ടി എഡിറ്റർ പി എൻ പ്രസന്നകുമാർ വ്യക്തമാക്കുന്നു.
മാർട്ടിൻ മേനാച്ചേരി എന്ന വ്യക്തി എ സി ജോസ് വീക്ഷണം മാനേജിങ് ഡയറക്ടർ ആയിരുന്ന കാലത്ത് പരസ്യവിഭാഗത്തിൽ മൂന്ന് ആഴ്ച ജോലി ചെയ്തിരുന്നു. പരസ്യതുക വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മാത്രമല്ല അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന ടി വി പുരം രാജുവിനെതിരെ അശ്ലീല കഥയുണ്ടാക്കി പ്രചരിപ്പിച്ചതിനും, വീക്ഷണത്തിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും പൊലീസ് കേസെടുത്തിട്ടുള്ളതും കേസ് കോടതിയുടെ പരിഗണനയിലുമാണ്.
വീക്ഷണത്തിനെതിരെ മാർട്ടിൻ മേനാച്ചേരി കൊടുത്ത കേസ് അടിസ്ഥാനരഹിതമാണെന്നു കണ്ട് കോടതി തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. ക്രൈം പത്രാധിപർ നന്ദകുമാർ ഇയാൾക്കെതിരെ നൽകിയ പരാതിയെതുടർന്ന് പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തിയുമാണ് ഇദ്ദേഹം. വീക്ഷണത്തിൽ നിന്നും ബെന്നിബെഹാൻ, എ സി ജോസ് എന്നിവരുടെ കാലഘട്ടത്തിൽ പുറത്തുപോയവർ പ്രചരിപ്പിക്കുന്ന അസത്യപരവും അവാസ്തവവും, യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയോ വാർത്തകൾ നൽകുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ഫോട്ടോഗ്രാഫർ ഭൂപതി ഏരൂരിനെ എന്തിന് വീക്ഷണത്തിൽ നിന്നു പിരിച്ചുവിട്ടുവെന്നായിരുന്നു മാർട്ടിൻ മേനാച്ചേരിയുടെ പി ടി തോമസ് എം എൽ എയോടുള്ള ചോദ്യം. ഈ മനുഷ്യനെ എന്തിന്റെ പേരിൽ ആണ് വീക്ഷണം ഓഫീസിൽ നിന്നും പിരിച്ചു വിട്ടത്? ആ മനുഷ്യന്റെ ജീവിതം എങ്ങനെയാണ് എന്ന് താങ്കൾ പിന്നീട് അനേഷിച്ചോ? ഭൂപതിക്ക് കൊടുക്കാനുള്ള ആനുകൂല്യം നൽകാതെ പിടിച്ചു വയ്ക്കുകയല്ലേ താങ്കൾ ചെയ്തത്? ഇത്ര മനുഷ്യത്വ രഹിതമായ പ്രവർത്തി ചെയ്തിട്ട് ഒരു ഉളുപ്പുമില്ലാതെ എന്തിനാണ് താങ്കൾ മുതലക്കണ്ണീർ ഒഴുക്കുന്നത്. ? താങ്കൾ എം ഡിയായ ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ അവസ്ഥ ഇന്നുവരെ അനേഷിച്ചിട്ടുണ്ടോ? ഈ ഭൂപതി എന്ന മനുഷ്യന് സ്വന്തമായി കിടപ്പാടം ഇല്ല, വീടില്ല. അയാൾ ഇതൊന്നും സഹപ്രവർത്തകരുടെ മുൻപിൽ തന്റെ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല, അറിയിച്ചിട്ടില്ല.
താങ്കൾ അദ്ദേഹത്തിന്റെ മൃതദ്ദേഹം കാണാൻ എത്തി. പെട്ടെന്ന് താങ്കൾ സ്ഥലം കാലിയാക്കി. താങ്കൾ ഈ മനുഷ്യന്റെ മുഖം ശ്രദ്ധിച്ചോ? ആരോടും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ അദ്ദേഹം മടങ്ങി. ഇതൊക്കെ ശ്രദ്ധിക്കാൻ താങ്കൾക്ക് എവിടെ നേരം. കുപ്പി രാമകൃഷ്ണനെ പോലുള്ളവരെ സഹായിക്കാൻ ആണല്ലോ തിടുക്കം. 84000 രൂപ ഈ മനുഷ്യന് വീക്ഷണത്തിൽ നിന്നും നൽകാൻ ഉണ്ട്. ഭൂപതി മരണ കിടക്കയിൽ കിടന്നപ്പോൾ ബന്ധുക്കൾ നൽകാനുള്ള കുടിശിക ആവശ്യപ്പെട്ടതായി അറിയുന്നു. വീക്ഷണം നേതാക്കൾ കേട്ട ഭാവം കാണിച്ചില്ലെന്നും മാർട്ടിൻ പി ടി തോമസിനോട് ചോദിച്ചിരുന്നു.
എന്നാൽ ശമ്പളയിനത്തിൽ പി ടിയുടെ കാലയളവിൽ പണമൊന്നും ഭൂപതിക്ക് നൽകാനില്ലെന്നാണ് വീക്ഷണം മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ആനുകൂല്യങ്ങളും മറ്റുമായി 84000 രൂപ നൽകാനുണ്ടെന്നത് സത്യമാണ്. അത് മാനേജ്മെന്റ് മറച്ചുവെച്ചിട്ടില്ല. പോകുമ്പോൾ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ക്യാമറയുമായാണ് ഭൂപതി പോയത്. അതും ഐ ഡി കാർഡും പോലും അദ്ദേഹം ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ല. അദ്ദേഹം ചികിത്സയിൽ കഴിയുമ്പോൾ ബന്ധുവായ ഒരാൾ ഓഫീസിൽ വന്ന് കാര്യം അന്വേഷിച്ചിരുന്നു. കണക്ക് നോക്കി എൺപത്തി നാലായിരം രൂപ നൽകാനുണ്ടെന്ന് മറുപടിയും നൽകി. രണ്ടേകാൽ ലക്ഷം രൂപ വിലയുള്ള ക്യാമറ തിരിച്ചേൽപ്പിച്ചിട്ടില്ല എന്ന കാര്യവും അറിയിച്ചു. എന്നിട്ടും മാനുഷിക പരിഗണന വെച്ച് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപ നൽകി.
പിന്നീട് ആംബുലൻസ് വാടകയായി ഏഴായിരം രൂപയും സ്ഥാപനം നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ആസ്തിയാണ് ക്യാമറ. രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ക്യാമറ തിരിച്ചുകിട്ടാതെ എൺപത്തിനാലായിരം രൂപ കുടിശ്ശിക നൽകാൻ ഏതെങ്കിലും സ്ഥാപനത്തിന് കഴിയുമോ. എന്നിട്ടുപോലും അതൊന്നും നോക്കാതെ അസുഖമായി എന്നറിഞ്ഞപ്പോൾ പണം നൽകുകയാണ് സ്ഥാപനം ചെയ്തത്. ഓഫീസിൽ വന്ന ബന്ധു പിന്നീട് പുറത്തുപോയി ക്യാമറയുടെ കാര്യം പറയാതെ എൺപത്തിനാലായിരം കിട്ടാനുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. അതാണ് പി ടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ നേരത്തെ സ്ഥാപനത്തിൽ നിന്ന് പുറത്തായ മാർട്ടിൻ മേനാച്ചേരി ഉപയോഗപ്പെടുത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധി വ്യക്തമാക്കി.