അബുദാബി: പാർക്കുകളിലും ബീച്ചുകളിലും പബ്ലിക് ലൈബ്രറികൾ ഒരുക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. വായനയ്ക്ക് മികച്ച ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക് പാർക്കുകളിലും ബീച്ചുകളിലും ലൈബ്രറികൾ ഒരുക്കുകയാണ് മുനിസിപ്പാലിറ്റി ചെയ്തിരിക്കുന്നത്. നിലവിൽ മൂന്നിടത്ത് പബ്ലിക് ലൈബ്രറികൾ സ്ഥാപിച്ചു കഴിഞ്ഞു.

ഖാലിഫ പാർക്ക്, അബുദാബി കോർനിഷെ ഫാമിലി ബീച്ച്, ബഹിയ പാർക്ക് എന്നിവിടങ്ങളിലാണ് സുഖകരമായ വായനയ്ക്ക് ഇടമൊരുക്കിക്കൊണ്ട് പബ്ലിക് ലൈബ്രറികൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത വർഷം വത്ബ പാർക്കിലും പുതിയ ലൈബ്രറി ഒരുക്കും. കോർനിഷെ ബീച്ചിലും അടുത്ത വർഷം തന്നെ മറ്റൊരു ലൈബ്രറി തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ വിഷയങ്ങളിലുള്ള ബുക്കുകൾ വായിക്കാമെന്ന സൗകര്യം കൂടാതെ വൈ ഫൈ സൗകര്യം കൂടി ഒരുക്കിയാണ് പബ്ലിക് ലൈബ്രറികൾ തീർത്തിരിക്കുന്നത്. കൂടാതെ പല തരം കൾച്ചറൽ ആക്ടിവിറ്റികളും ലൈബ്രറിയോട് അനുബന്ധിച്ചു നടത്തി വരുന്നുമുണ്ട്.