ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസിനോടുള്ള 'മൃദു സമീപനം' തുറന്ന് പറഞ്ഞ് നടൻ കമൽഹാസൻ. നിലവിൽ ഡിഎംകെയുമായി നിലനിൽക്കുന്ന ബന്ധം നിറുത്തുകയാണെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് താൻ തയാറാണെന്നാണ് മക്കൾ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമൽഹാസൻ തുറന്ന് പറഞ്ഞത്. കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ആദ്യമായാണ് കമൽഹാസൻ പരസ്യ പ്രസ്താവന നടത്തുന്നത്.

'ഡിഎംകെ-കോൺഗ്രസ് സഖ്യം തകർന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണ്. കോൺഗ്രസ്-മക്കൾ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.' ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസന്റെ പ്രസ്താവന.

കോൺഗ്രസിനോടുള്ള കമൽഹാസന്റെ മൃദു സമീപനം ഇതാദ്യമായല്ല പുറത്തുവരുന്നത്. കഴിഞ്ഞ ജൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് തങ്ങൾ ചർച്ച നടത്തിയെങ്കിലും അത് നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ചല്ല എന്നായിരുന്നു അന്ന് മാധ്യമങ്ങളോട് കമൽഹാസൻ പ്രതികരിച്ചത്.

തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അഴിമതിക്കെതിരെയാണ് പോരാടുന്നതെന്നാണ് കമൽഹാസൻ പറയുന്നത്. ഡിഎംകെയും എഐഡിഎംകെയും അഴിമതിക്കൊപ്പമാണ്. അതുകൊണ്ടുതന്നെ ഇരുകൂട്ടരെയും തമിഴ്‌നാട്ടിൽ അധികാരത്തിൽ നിന്നു പുറത്താക്കാൻ ജനങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്നാണ് കമൽഹാസന്റെ നിലപാട്.