മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നുള്ളത് പലപ്പോഴും പ്രയാസമാണു.മാറ്റങ്ങൾ എല്ലാം തന്നെ എതിർപ്പുകളെ അവഗണിച്ചു നേടിയെടുത്തതാണു.പ്രാചീനമായ ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വന്നിട്ടുള്ളതാണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കുമ്പോൾ മനസിലാവുന്നത്. തൊട്ടുകൂടായ്മയുംതീണ്ടിക്കുടായ്മയും മുതൽ മൃഗബലിവരെയുള്ള ആചാരങ്ങൾ ഇല്ലാതായിട്ടുണ്ട്.

#Ready_To_wait എന്ന ഹാഷ്ടാഗുമായി ഒരുകൂട്ടം ഭക്തകൾ രംഗത്തിറങ്ങുകയും അർണാബ് ഗോസ്വാമിയുടെ ന്യ്യൂസ് നൈറ്റിൽ പോലും ചർച്ചയാവുകയും ചെയ്തു.ശബരിമലയിലെ യുവതീപ്രവേശനം നിഷിദ്ധമാണെന്നും 55 വയസുവരെ ഞങ്ങൾ കാത്തിരുന്നുകൊള്ളാം എന്നതുമാണു ഈ ഭക്തകളുടെ വാദം . ഈ വാദത്തിനു അടിസ്ഥാനമാക്കുന്നത് അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചാര്യമാണു.അനുനിമിഷം മാറികൊണ്ടിരിക്കുന്ന വാദങ്ങളും, മാളികപ്പുറത്തമ്മയുടെ പൊസസ്സീവ്നസ്സിനെ കുറിച്ചുള്ള പുതിയ കഥകളുമായി ഇവർ വാദം ഉറപ്പിക്കുന്നു.1991 ലെ കോടതിവിധി വരുന്നത് വരെ മാസപൂജാസമയങ്ങളിലും കുട്ടികളുടെ ചോറൂണുപോലൂള്ള ആഘോഷങ്ങൾക്കുമായി യുവതികൾ ശബരിമലയിൽ പോയിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത സത്യമാണു.ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്.ചില കഥകൾ നമുക്കൊന്ന് പരിശോധിക്കാം...

മോഹിനീസുതനായ അയ്യപ്പൻ

ശൈവ വൈഷ്ണവ സംഗമത്തിൽ (മോഹിനീ) പിറന്നതാണു അയ്യപ്പനെന്നും, പമ്പയാറിന്റെ കരയിൽ നിന്നും പന്തളരാജാവിനു അയ്യപ്പനെ കിട്ടിയെന്നും, മഹിഷീ വധത്തിനു ശേഷം പന്തളരാജാവിനു ദർശനമേകാനായി അയ്യപ്പൻ ശബരിമലയിൽ കുടികൊള്ളുന്നു എന്നതുമാണു കഥ. മഹിഷീവധത്തിനുശേഷം പ്രത്യക്ഷപ്പെട്ട ലീല എന്ന യുവതി അയ്യപ്പനോട് പ്രണയാഭ്യാർത്ഥന നടത്തുകയും, അവരോട് കന്നി അയ്യപ്പന്മാർ വരാത്ത കാലത്തോളം കാത്തിരിക്കാൻ അയ്യപ്പൻ പറഞ്ഞു എന്നുള്ളതാണു പ്രചാരത്തിലുള്ളതിൽ പ്രമുഖമായ കഥ.

പന്തളം രാജകുടുംബവും അയ്യപ്പനും
ഡി 904 ൽ പാണ്ഡ്യചോള യുദ്ധത്തിൽ പരാജിതരായ പാണ്ഡ്യന്മാർ കൈപ്പുഴ തമ്പാനിൻ നിന്നും സ്ഥലം വാങ്ങി പന്തളത്ത് താമസമാരഭിച്ചെന്നും, കൈപ്പുഴ തമ്പാന്റെ മരണത്തോലേ മുഴുവൻ പ്രദേശത്തിന്റെയും അധിപരായിമാറിയെന്നും. സേനാനായകന്റെ മകനും പന്തളത്തെ രാജകുമാരിയും പൊന്നമ്പലമേട്ടിലേക്ക് ഒളിച്ചോടിയെന്നും അവർക്കു പിറന്ന മകനാണു അയ്യപ്പൻ എന്നും. നായാട്ടിനിടയിൽ സഹോദരിയേയും മകനേയും കാണാനിടയായ രാജാവ് അവരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചെന്നു, രാജാവായി അയ്യപ്പനെ വാഴിക്കാം എന്ന ഉറപ്പിൽ അയ്യപ്പനെ കൂടെ വിട്ടെന്നും, ചീരപ്പൻ ചിറ കളരിയിൽ അഭ്യാസമുറകൾ പഠിക്കുന്ന കാലത്ത് കളരി മൂപ്പന്റെ മകൾ മാക്കം അയ്യപ്പനുമായി പ്രണയത്തിലായി. കൊള്ളക്കാരനായ ഉദയനനെ വധിച്ചശേഷം,ഉദയനനൻ തകർത്ത ശബരിമല ക്ഷേത്രം പുനർ നിർമ്മിച്ച് മരണം വരെ ശബരിമലയിൽ തപസനുഷ്ടിച്ചെന്നും, മാക്കവും അയ്യപ്പനോടൊപ്പം ആ പരിസരത്തു തന്നെ തപസനുഷ്ടിച്ചിരുന്നു.

ശബരിമല ശാസ്താക്ഷേത്രം അയ്യപ്പനും മുൻപേ ഉണ്ടെന്നും, പരശുരാമനാൽ പണികഴിപ്പിച്ച 108 ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമലയെന്നും പറയപ്പെടുന്നു.അതല്ല ശബരിമല ബുദ്ധവിഹാരമായിരുന്നു എന്നും പറയപ്പെടുന്നു (ജാതിയില്ലായ്മയും കൂട്ടശരണം വിളികളുമെല്ലാം). കഥകളും ഉപകഥകളും ഇനിയും അനവധിയുണ്ട്.

ഇനി വിശ്വാസങ്ങളും ആചാരങ്ങളും പരിശോധിച്ചാലും കാവലാനുസൃതമായി ശബരിമല മാറിയിട്ടുണ്ട്. ചില പുതിയ ആചാരങ്ങൾ കൂട്ടിക്കിച്ചേർക്കപ്പെടുകയും ചിലതെല്ലാം ഇലാതാവുകയും ചെയ്തിട്ടുണ്ട്.

ശബരിമലയിൽ പടിപൂജ തുടങ്ങിയത് 1950 കൾക്ക് ശേഷമാണ്. ശബരിമലയിലെ ഉത്സവം തീർത്ഥാടനകാലത്തു നിന്നും മാസപൂജ സമയത്തേക്ക് മാറ്റി. പതിനെട്ടാം പടികളിൽ ഉടച്ചിരുന്ന നാളികേരം വശങ്ങളിലെ ഭിത്തികളിലേക്ക് മാറ്റി. ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി മാറിയത് അടുത്ത കാലത്താണ്. തത്വമസി എന്ന വാചകവും ഗോപുരത്തിന് മുൻപിലെ ബോർഡും ശബരിമല കയറിയത് അടുത്ത കാലത്താണ് (1960 കൾക്ക് ശേഷം ). പുണ്യതീർത്ഥമായി കരുതിയിരുന്ന ഭസ്മക്കുളം നികത്തി പുതിയതൊന്ന് കുഴിച്ചു. ആചാരങ്ങളുടെ ഭാഗമായിരുന്ന വെളിച്ചപ്പാട് ഇല്ലാതായി.  ഭക്തർ പരമ്പരാഗത പാത വിട്ട് പമ്പ വഴി മല കയറി തുടങ്ങി. ഇനിയും കുറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. മാറ്റങ്ങൾക്ക് വിധേയമായി എന്ന് ചൂണ്ടികാണിക്കാനായി വേണ്ടി മാത്രം ചിലത് കുറിച്ചതാണ്.

ജൈവികമായ കാരണങ്ങളാൽ ഭക്തരെ അകറ്റി നിർത്തുന്ന ദൈവം എന്ന് പറയുന്നത് തന്നെ ദൈവത്തെ അപഹസിക്കലാണ്. 1991 ലെ കോടതി വിധി വരെ സ്ത്രീകൾ പ്രവേശിച്ചിരുന്നപ്പോൾ നിശബ്ദമായിരുന്ന താന്ത്രികുടുംബം അടക്കമുള്ളവർ ആക്ഷേപം ഉന്നയിക്കുന്നത് 1991 ലെ കോടതി നടപടികളിൽ മാത്രമാണ്( 1940 മെയ് 13 നു മഹാരാജാവും മഹാറാണിയും ദിവാനും ശബരിമല സന്ദർശിച്ചിട്ടുണ്ട്)

ഹാജി ആലി ദർഗയും,ശനി ശിഖനപ്പൂർ ക്ഷേത്രവുമെല്ലാം വനിതാപ്രവേശനത്തോടെ ചരിത്രം സൃഷ്ടിക്കുകയാണ്.വ്യക്തമായ രാഷ്ട്രീയമുള്ള ചില ഭക്തർ തന്നെ അബദ്ധങ്ങളുടെ ഹാഷ് ടാഗുകളുമായി ഇറങ്ങിയിട്ടുണ്ട്. ഇവരോട് പറയാനുള്ളത് 'സതിയും ദേവദാസി സബ്രദായവും, അവര്ണന്നന്റെ ക്ഷേത്ര പ്രവേശനവും ഒന്നും ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കാലത്തെ ഉൾക്കൊണ്ട് ശബരിമലയും മാറട്ടെ. ശബരിമലയുടെ ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളിൽ ഒന്നുമാത്രം വിശ്വസിക്കുന്നവരാണ് 'READY TO WAIT എന്ന് പറയുന്നത്. അവരോട് ഒന്നേ പറയാനുള്ളു..

കാത്തിരിക്കുന്നവർ കാത്തിരിക്കട്ടെ, കാത്തിരിക്കാൻ ആഗ്രഹമില്ലാത്തവർ മല കയറട്ടെ...