കാർഡിഫ്: ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡ് ചാംപ്യന്മാർ. കലാശപ്പോരാട്ടത്തിൽ 4-1ന് യുവന്റസിനെ തറപറ്റിച്ച് റയൽമഡ്രിഡ് ചാംപ്യൻസ് ലീഗ് ജേതാക്കളായി. സ്പാനിഷ് ശക്തികളും ഇറ്റാലിയൻ വന്മതിലുകളും തമ്മിൽ നടന്ന മത്സരത്തിൽ ആധികാരികമായിട്ടായിരുന്നു റയലിന്റെ ജയം. തുടർച്ചായായി രണ്ടാം തവണയാണ് റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ജേതാക്കളാകുന്നത്. പന്ത്രണ്ടാം കിരീടിമെന്ന അപൂർവ നേട്ടവുമായി റയൽ മഡ്രിഡ് ലോകത്തെ രാജാക്കന്മാരായി.

ആദ്യ മിനിറ്റു മുതൽ ആവേശം നിറഞ്ഞതായിരുന്നു മത്സരം. മത്സരത്തിന്റെ 20ാം മിനിറ്റിൽ യൂറോപ്പിലെ പേരുകേട്ട പ്രതിരോധനിരയുടെ കോട്ട തകർത്തത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു. 27ാം മിനിറ്റിൽ മരിയോ മാൻഡ്‌സുകിച് ത്രസിപ്പിക്കുന്ന ഗോളിലൂടെ യുവന്റസിനെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ 50ാം മിനിറ്റു മുതൽ കാര്യങ്ങൾ മാറിമറിയുന്നതാണ് കണ്ടത്. യുവന്റസ് ഗോൾ മുഖത്തേക്ക് മത്സരം ചുരുങ്ങി. റയൽ താരങ്ങളുടെ കാലുകളിൽ നിന്നുള്ള ഷോട്ടുകൾ പുകഴ്‌പെറ്റ യുവന്റസ് പ്രതിരോധനിരയുടെ താളം തെറ്റിച്ചു.

അതിന്റെ ഫലം കണ്ടെത് 61ാം മിനിറ്റിലായിരുന്നു. ബോക്‌സിനുപുറത്തു നിന്ന് കസേമിറോ തൊടുത്ത എണ്ണംപറഞ്ഞ ഷോട്ട് യുവന്റസ് താരങ്ങളെ കാഴ്ചക്കാരാക്കി നിർത്തി അവരുടെ ഗോൾമുഖത്തേക്ക് പാഞ്ഞുകയറി. സ്‌കോർ 1- 2. രണ്ടാമത്തെ ഗോളിന്റെ ആഘാതത്തിൽ നിന്ന് വിട്ടുമാറുന്നതിനു മുന്നേ ബഫോൺ നൽകിയ മികച്ച പാസിനെ ഗോൾമുഖത്തിന് ആറുവാര അകലെ നിന്നാണ് റൊണാൾഡോ ഗോളാക്കി മാറ്റി്. സ്‌കോർ 1- 3.

തോൽവി ഉറപ്പായതോടെ ലക്ഷ്യംതെറ്റി അലയുന്ന യുവന്റസ് താരങ്ങളെയാണ് മൈതാന മധ്യത്തിൽ പിന്നീട് കണ്ടെത്. അതിന് അവർ കനത്തവില നൽകുകയും ചെയ്തു. 90ാം മിനിറ്റിൽ ഗോൾമുഖത്തിന് 12വാര അകലെ നിന്ന് മാർക്കോ അസെൻസോ തൊടുത്ത ഷോട്ട് കൃത്യമായി ലക്ഷ്യം കണ്ടെതോടെ റയലിന്റെ കിരീടധാരണം പൂർത്തിയായി. യുവന്റസിന്റെ തകർച്ചയും. അങ്ങനെ 1- 4ന് റയൽ ചാമ്പ്യൻസ് ലീഗ് ജോതാക്കളായി.

1993 യുവേഫ ചാമ്പ്യൻസ് ലീഗ് എന്ന പുതിയ പേരിലേക്കു മാറിയശേഷം ആദ്യമായിട്ടാണ് ഒരു ടീം ക്ലബ് കിരീടം നിലനിർത്തുന്നത്. യുവന്റസ്, അയാക്സ്, ബയേൺ മ്യൂണിക് ക്ലബ്ബുകൾ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കിരീടം നിലനിർത്താൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല. മത്സരത്തിലെ ഗോളോടെ ക്രിസ്റ്റ്യാനോ കരിയറിൽ 600 ഗോളുകൾ തികച്ചു. മൂന്ന് വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടുന്ന താരമായും ക്രിസ്റ്റിയാനോ മാറി.