ചിരവൈരികളായ ബാഴ്‌സലോണയുടെയും, റയൽ മാഡ്രിഡിന്റെയും ആരാധകർ പരസ്പരം പാര വയ്ക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഈ പോര് ഇപ്പോൾ സോഷ്യൽ മീഡിയയിലേക്കും കടന്നിരിക്കുകയാണ്. ബാഴ്‌സയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കഴിഞ്ഞ ബുധനാഴ്ച ഹാക്കർമാർ കൈയടക്കിയിരുന്നു. പാരിസ് സെന്റ് ജർമെൻ വിട്ട് ഏഞ്ചൽ ഡി മരിയ ബാഴ്സയിലേക്ക് വരുന്നുവെന്നായിരുന്നുവെന്ന ട്വീറ്റാണ് ആരാധകരെ കാത്തിരുന്നത്.

ശനിയാഴ്ച അത് റയൽ മാഡ്രിഡിന്റെ ഊഴമായിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ ആരാധകർക്ക് കണ്ണിൽ പിടിക്കാത്ത ലയണൽ മെസിയെ റയലിലേക്ക് സ്വാഗതം ചെയ്യുന്ന സന്ദേശങ്ങളാണ് ട്വിറ്ററിലും, ഫേസ്‌ബുക്കിലും ശനിയാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. എരിതീയിൽ എണ്ണ ഒഴിക്കാനെന്ന വണ്ണം, കഴിഞ്ഞ സീസണിൽ സാന്റിയാഗോ ബെർണാബുവിൽ നടന്ന നാടകീയ മൽസരത്തിൽ മെസി നേടുന്ന തകർപ്പൻ ഗോളിന്റെ വീഡിയോയും ഒപ്പം നൽകിയിരുന്നു.'അവർ മൈൻ' എന്ന ഹാക്കർ ഗ്രൂപ്പ് ഹാക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ബാഴ്‌സയുടെ മാത്രമല്ല, റയലിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർ മൈൻ വ്യക്തമാക്കി. തങ്ങൾ കരീം ബെൻസേമയെ വിറ്റുവെന്നുള്ള ട്വീറ്റ് സന്ദേശവും ഹാക്കിങ് ഗ്രൂപ്പ് ഇട്ടത് ആരാധകരെ ഞെട്ടിച്ചു.ഏതായാലും മെസിയെ വാങ്ങിയെന്നും, ബെൻസേമയെ വിറ്റുവെന്നുമുള്ള ട്വീറ്റ് ആരാധകർ വിശ്വസിച്ചുവെന്ന് മാത്രമല്ല, മുക്കാൽ മണിക്കൂറിനകം
27,000 റീട്വീറ്റുകളാണ് ഉണ്ടായത്.