ലണ്ടൻ: ചാംപ്യൻസ് ലീഗ് സെമിഫൈനൽ റയൽ മാഡ്രിഡ് തോറ്റ് പുറത്തായതിന് പിന്നാലെ ചെൽസി താരങ്ങൾക്കൊപ്പം ചിരിച്ചു രസിച്ച് വിവാദത്തിൽ ചാടിയ റയലിന്റെ ബൽജിയം താരം ഏദൻ ഹസാഡ് മാപ്പു പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹസാഡ് റയൽ മഡ്രിഡ് ആരാധകരോട് മാപ്പു ചോദിച്ചത്.

രണ്ടാം പാദത്തിൽ റയലിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് മുൻ ചെൽസി താരം കൂടിയായ ഹസാഡ് ചെൽസിയുടെ കെർട്ട് സുമ, എഡ്വേർഡ് മെൻഡി എന്നിവരെ ചിരിച്ചു കെട്ടിപ്പിടിക്കുന്ന ദൃശ്യം പുറത്തുവന്നത്.

തോൽവിയുടെ സങ്കടമേതുമില്ലാതെയുള്ള ബൽജിയൻ താരത്തിന്റെ സമീപനമാണ് വിമർശനവിധേയമായത്. റയൽ ആരാധകരും മുൻ താരങ്ങളും ഹസാഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

 

''ആരെങ്കിലും ഇതെനിക്കൊന്നു വിശദീകരിച്ചു തരൂ. എനിക്കിതു മനസ്സിലാകുന്നില്ല..'' മുൻ റയൽ താരം ഹവിയർ ബൽബോവ ട്വീറ്റ് ചെയ്തു. 'ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല' മുൻ ലിവർപൂൾ താരവും കമന്റേറ്ററുമായ ഡോൺ ഹച്ചിൻസൻ പറഞ്ഞു. റയലിലെത്തിയ ശേഷം നിരന്തരം പരുക്കുകളിൽ പെട്ടുപോയ ഹസാഡ് വിമർശിക്കപ്പെട്ടിരുന്നു.

തന്റെ മുൻ ക്ലബ് കൂടിയായ ചെൽസിയുടെ താരങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ ചിത്രങ്ങൾ സഹിതം കടുത്ത വിമർശനത്തിന് വിധേയമായതോടെയാണ് മാപ്പുചോദിച്ച് ഹസാഡ് രംഗത്തെത്തിയത്.

'എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്റെ ചെയ്തികളെ വിമർശിച്ചുകൊണുള്ള ഒട്ടേറെ അഭിപ്രായങ്ങൾ കണ്ടു. റയൽ മഡ്രിഡ് ആരാധകരെ വേദനിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. റയൽ മഡ്രിഡ് ജഴ്‌സിയണിയുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. ജയിക്കാൻ തന്നെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഈ തോൽവിയോടെ സീസൺ അവസാനിച്ചിട്ടില്ല. ഇനി നമുക്ക് ലാലിഗ കിരീടത്തിനായി ഒന്നിച്ച് പോരാടാം' ഹസാഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് നീലപ്പട രണ്ടാം പാദത്തിൽ തകർത്തത്. ആദ്യപാദത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ആകെ 3-1 ഗോൾ വ്യത്യാസത്തിലാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത്. കളിയുടെ 28-ാം മിനിറ്റിൽ തിമോ വെർണറും 85-ാം മിനിറ്റിൽ മാസൺ മൗണ്ടുമാണ് ചെൽസിക്കായി ഗോൾ നേടിയത്.

ജയത്തോടെ ചാമ്പ്യൻസ് ലീഗ് കിരീടം ലണ്ടനിലെത്തുമെന്ന് ഉറപ്പായി. കലാശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളി. ഇസ്താൻബുള്ളിൽ മെയ് 29നാണ് ഫൈനൽ നടക്കുന്നത്. മൂന്നാം തവണയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്.