മാഡ്രിഡ്: ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. 15-ാം തവണയയാണ് റയൽ ഫൈനലിൽ എത്തുന്നത് ഇനി ജൂൺ മൂന്നിന് കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയത്തിൽ യുവന്റസുമായി ഫൈനൽ പോരാട്ടം. സെമിയിൽ ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയവുമായാണ് റയൽ ഫൈനലിലെത്തിയത്.

രണ്ടാം പാദത്തിൽ വിജയം അത്‌ലറ്റികോ മാഡ്രിഡിനായിരുന്നു. സെമിഫൈനലിന്റെ ആദ്യപാദത്തിലെ മൂന്ന് ഗോൾ ലീഡുമായി വിസെന്റെ കാൽഡെറോണിൽ കളിക്കാനിറങ്ങിയ റയലിനേക്കാൾ മികച്ചു നിന്നത് ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോയായിരുന്നു. രണ്ടാം പാദത്തിൽ സോൾ നിഗസും ഗ്രീസ്മാനും അത്‌ലറ്റികോക്കായി വല കുലുക്കിയപ്പോൾ ഇസ്‌കോ റയലിന്റെ ഏക ഗോൾ കുറിച്ചു. ഫൈനലിൽ യുവന്റസാണ് റയലിന്റെ എതിരാളികൾ. പ്രതിരോധത്തിന് പേരുകേട്ട അത്‌ലറ്റികോ മഡ്രിഡിന്റെ മറ്റൊരു മുഖമായിരുന്നു ബുധനാഴ്ച കണ്ടത്. ജയിക്കാനായി അക്രമിച്ചു കളിച്ചു.

ആദ്യപകുതി അത്‌ലിറ്റികോ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി. ടോറസിനെയും ഗ്രീസ്മാനെയും മുന്നിൽ നിർത്തി തുടങ്ങിയ ആക്രമണം 12ാം മിനിറ്റിൽ തന്നെ ഫലം കണ്ടു. കോകിന്റെ കോർണറിൽ ഉയർന്നുചാടിയ നിഗസ് തലയെടുപ്പുള്ള ഹെഡറുമായി പന്ത് വലയിലേക്ക് തൊടുത്തു. നാല് മിനിറ്റ് പിന്നിട്ടപ്പോൾ ടോറസിനെ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി ഗ്രീസ്മാൻ ഗോളാക്കിയതോടെ അത് ലറ്റികോയുടെ തിരിച്ചുവരവ് മണത്തു. എന്നാൽ, 42ാം മിനിറ്റിൽ ബെൻസേമയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഇസ്‌കോയുടെ കാലിൽ നിന്ന് റയലിന്റെ ആദ്യ ഗോൾ പിറന്നു. രണ്ടാം പകുതിയിൽ പക്ഷേ ഗോൾ പിറന്നില്ല. ഇതോടെ മാഡ്രിഡ് ഫൈനലിലേക്കും എത്തി.

രണ്ടാം പകുതിയിൽ അതല്റ്റിക്കോ മാഡ്രിഡ് നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും പലപ്പോഴും ഗോൾകീപ്പർ കെയ്ലർ നവാസ് വിലങ്ങുതടിയാകുകയായിരുന്നു, ഫൈനലിൽ യുവന്റസാണ് റയലിന്റെ എതിരാളികൾ.