സാന്റിയാഗോ ബർണാബ്യൂ: സ്പാനിഷ് ലീഗിൽ ബെറ്റസിനെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഗോൾ മഴ കണ്ട് മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളിനാണ് ബെറ്റസിനെ പരാജയപ്പെടുത്തിയത്. അതേ സമയം ലാ ലിഗ ചരിത്രത്തിൽ 6000 ഗോളുകൾ നേടുന്ന ആദ്യ ടീമായും റയൽ മാഡ്രിഡ് മാറി.

11ാം മിനുട്ടിൽ റയലായിരുന്നു ഗോൾ വേട്ടക്ക് തുടക്കമിട്ടത്. അസൻസിയോയിലൂടെ റയൽ മുന്നിലെത്തിയെങ്കിലും 33, 37 മിനിറ്റിൽ ബെറ്റിസ് റയലിന് ഇരട്ട പ്രഹരമേൽപ്പിച്ചു. എന്നാൽ 55 ആം മിനിറ്റിൽ റാമോസും 59 ആം മിനിറ്റിൽ അസൻസിയോയും മത്സരം റയലിന്റെ പക്ഷത്താക്കി.

പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ലീഡ് ഉയർത്തിയെങ്കിലും സെർജിയോ ലിയോണിന്റെ ഗോളിൽ ബെറ്റിസ് തിരിച്ചടിച്ചതോടെ കളി ആവേശത്തിലായി. അവസാന നിമിഷത്തിൽ കരീം ബെൻസേമ വീണ്ടും ഗോൾ ചലിപ്പിച്ചതോടെ റയൽ വമ്പൻ ജയം സ്വന്തമാക്കി.