മഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം റയൽ മഡ്രിഡിന്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിം ബെൻസേമയുടെയും പ്രകടനമാണ് വിജയം. മലാഗയെ 2-0നു തോൽപിച്ച് റയൽ മഡ്രിഡ് ലാ ലിഗ കിരീടം ചൂടി. അവസാന കളിയിൽ തോൽക്കാതിരുന്നാൽ തന്നെ കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയൽ വിജയത്തോടെ കിരീടം സ്വന്തമാക്കുകയായിരുന്നു.

ലീഗിലെ 38 കളികളും പൂർത്തിയായപ്പോൾ റയലിന് 93 പോയിന്റ്. അവസാന മൽസരത്തിൽ ഐബറിനെതിരെ ബാർസിലോനയും 4-2നു ജയിച്ചെങ്കിലും അവർക്ക് 90 പോയിന്റ് മാത്രം. അവസാന മത്സരത്തിൽ ലെയൺൽ മെസിയുടെ രണ്ട് ഗോൾ മികവിൽ രണ്ടിനെതിരെ നാലു ഗാളിനാണ് ബാഴ്‌സ ജയിച്ചത്. അപ്പോഴേക്കും റയൽ കിരീട വിജയത്തിന്റെ ആഘോഷം തുടങ്ങിയിരുന്നു.

രണ്ടാം മിനിറ്റിൽ തന്നെ ഇസ്‌കോയുടെ പ്രതിരോധം പിളർത്തിയ പാസ് സ്വീകരിച്ച റൊണാൾഡോ ലക്ഷ്യം കണ്ടതോടെ റയലിന് മികച്ച തുടക്കമായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കരിം ബെൻസേമയും ലക്ഷ്യം കണ്ടതോടെ റയലിന്റെ നില സുരക്ഷിതമായി. എന്നാൽ നൂകാംപിൽ തുടക്കത്തിൽ ബാഴ്‌സയ്ക്ക് പതറി. രണ്ട് ഗോളുകൾ എതിരാളികൾ നേടി. അതിന് ശേഷമാണ് ബാഴ്‌സ തിരിച്ചു പിടിച്ചത്.

ബാർസയുടെ കളി നാടകീയമായിരുന്നു. സെൽഫ് ഗോളിലൂടെ ബാർസ ആദ്യ ഗോൾ നേടി. പിന്നാലെ റഫറി കനിഞ്ഞു നൽകിയ പെനൽറ്റി കിക്ക് മെസ്സി പുറത്തേക്കടിച്ചു. അവസാന മൽസരത്തിൽ ലൂയി എന്റിക്വെ തോൽവിയോടെ വിടവാങ്ങേണ്ടി വരുമോ എന്ന് ബാർസ ആരാധകർ ആശങ്കപ്പെട്ടിരിക്കെ സ്വാരെസ് ബാർസയെ ഒപ്പമെത്തിച്ചു. പിന്നാലെ രണ്ടു ഗോൾ നേടി മെസ്സി ബാർസയുടെ അഭിമാനം കാത്തു.