അബൂദബി: ബ്രസീലിയൻ ക്ലബ് ഗ്രമിയോയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് സ്പാനിഷ് ക്ലബ് റയാൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം നിലനിർത്തി. സൂപ്പർ താരം കിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീ കിക്ക് ഗോളിന്റെ ബലത്തിലാണ് ഗ്രമിയോയെ തകർത്ത് തുടർച്ചയായ
മൂന്നാം തവണ റയൽ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ റയൽ ബാഴ്‌സലോണയുടെ ഏറ്റവും കൂടുതൽ ക്ലബ് ലോകകപ്പ് നേട്ടമെന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

കളിയുടെ 53-ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്കിലൂടെയുള്ള വിജയ ഗോൾ,ഇതോടെ നാല് വർഷത്തിനിടെയാണ് റയൽ മൂന്ന് ക്ലബ് ലോകകപ്പുകളിൽ മുത്തമിടുന്നത്. 2017ൽ റയൽ സ്വന്തമാക്കുന്ന അഞ്ചാം കിരീടമാണിത്. നേരത്തെ ലാ ലിഗ, ചാംപ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളും ഈ വർഷം റയൽ ഷോക്കേസിലെത്തിച്ചിരുന്നു.

അൽ ജസീറ ക്ലബിനെതിരേ നടന്ന സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി ഗോളടിച്ച ഗാരേത് ബെയ്‌ലിനെ കൂടാതെയാണു റയാൽ ഫൈനലിൽ കളിച്ചത്. ജൂണിൽ യുവന്റസിനെതിരേ നടന്ന ചാമ്ബ്യൻസ് ലീഗ് ഫൈനലിൽ കളിച്ച അതേ ഇലവനായിരുന്നു സിദാൻ ഇന്നലെയും അണിനിരത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലും റയൽ മുന്നിൽ നിന്നെങ്കിലും പഴുതുകളടച്ച പ്രതിരോധവുമായി ഗ്രെമിയോ നിലയുറപ്പിച്ചതോടെ ആദ്യ പകുതി ഗോൾരഹിതമായി തീർന്നു. ഒന്നാം പകുതിയുടെ അവസാന മിനിട്ടിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചെങ്കിലും പന്ത് മറിച്ചു നൽകിയ കാരിം ബെൻസൈമ ഓഫ് സൈഡായിരുന്നു. ഗ്രിമോ ഗോൾ കീപ്പർ മാഴ്‌സെലോ ഗ്രോഹിയുടെ സേവുകൾ റയാലിന്റെ ഗോൾ മഴയ്ക്കുള്ള അവസരങ്ങൾ ഇല്ലാതാക്കി.

ഈ സീസണിൽ വിവിധ ടൂർണമെന്റുകളിലായി 20 മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ റയലിനായി നേടുന്ന 15ാം ഗോളായിരുന്നു ഫ്രീ കിക്കിലൂടെ പിറന്നത്. ആതിഥേയരായ അൽ ജസീറയെ 1-4ന് പരാജയപ്പെടുത്തി മെക്‌സിക്കൻ ക്ലബ് പചുക്ക മൂന്നാം സ്ഥാനം സ്വന്തമാക്കി.