- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പാനിഷ് ലാ ലിഗയിൽ കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്; എസ്പാന്യോളിനെ 4-0ത്തിന് കീഴടക്കി മുപ്പത്തിയഞ്ചാം കിരീട നേട്ടത്തിൽ; നാലു മത്സരം ശേഷിക്കെ 15 പോയന്റ് ലീഡുമായി മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്ത്
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്. 34-ാം റൗണ്ടിൽ എസ്പാന്യോളിനെ 4-0ത്തിന് തകർത്താണ് മുപ്പത്തിയഞ്ചാം കിരീട നേട്ടത്തിലേക്ക് റയൽ മുന്നേറിയത്. റയലിന് നാലു മത്സരം ശേഷിക്കെ ഒന്നാം സ്ഥാനത്ത് 15 പോയന്റിന്റെ നിർണായക ലീഡായി. റയലിന് 81ഉം രണ്ടാമതുള്ള സെവിയ്യക്ക് 64ഉം പോയന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണയാണ് (63) മൂന്നാമത്.
റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ റോഡ്രിഗോ (33, 43) രണ്ടുവട്ടം വലകുലുക്കിയപ്പോൾ മാർകോ അസെൻസ്യോ (55), കരീം ബെൻസേമ (81) എന്നിവരും സ്‌കോർ ചെയ്തു.
34 കളിയിൽ 25 ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 81 പോയിന്റുമായാണ് റയൽ ലീഗിൽ മുന്നേറിയത്. അത്‌ലറ്റിക്കോ മാഡ്രിഡ്, ലെവാന്റേ, കാഡിസ്, റയൽ ബെറ്റിസ് എന്നിവരാണ് റയലിന്റെ ശേഷിക്കുന്ന എതിരാളികൾ.
കിരീടപ്പോരാട്ടം കൊടുമ്പിരികൊള്ളുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്തെത്തി. 34ാം റൗണ്ടിൽ ന്യൂകാസിൽ യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ച യുർഗൻ ക്ലോപിന്റെ സംഘം 82 പോയന്റോടെയാണ് മുന്നിലെത്തിയത്.
34 മത്സരങ്ങളിൽ നിന്നായി 82 പോയന്റാണ് ചെമ്പടയ്ക്കുള്ളത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് 80 പോയന്റാണുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച നിലവിലെ ജേതാക്കകളായ മാഞ്ചസ്റ്റർ സിറ്റിയാണ് (80) രണ്ടാമത്. 19ാം മിനിറ്റിൽ മിഡ്ഫീൽഡർ നബി കെയ്റ്റയാണ് ലിവർപൂളിന്റെ ഗോൾ നേടിയത്.
സെന്റ് ജെയിംസ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായാണ് ലിവർപൂൾ തുടങ്ങിയത്. സൂപ്പർ താരം മുഹമ്മദ് സലെ ഇല്ലാതെയിറങ്ങിയ ചെമ്പട 19-ാം മിനിറ്റിൽ നബി കെയിറ്റയുടെ ഗോളിൽ മുന്നിലെത്തി. ഡീഗോ ജോട്ട നൽകിയ പാസിൽ ന്യൂകാസിൽ ഗോളി ദുബ്രവ്കയെ മനോഹരമായി വെട്ടിച്ചാണ് കെയിറ്റ ഗോൾ വല കുലുക്കിയത്. 34-ാം മിനിറ്റിൽ സാദിയോ മാനേയ്ക്ക് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 41-ാം മിനിറ്റിൽ ഡീഗോ ജോട്ടയുടെ ഹെഡ്ഡർ ന്യൂകാസിൽ ഗോളി ദുബ്രവ്ക തട്ടിയകറ്റി.
രണ്ടാം പകുതിയിലും ലിവർപൂൾ മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും ന്യൂകാസിൽ ഗോളി ദുബ്രവ്കയെ മറികടക്കാനായില്ല. 69-ാം മിനിറ്റിൽ സലയെ കളത്തിലിറക്കി ലിവർപൂൾ മുന്നേറ്റങ്ങൾ ശക്തമാക്കിയെങ്കിലും ഗോൾ നേടാനായില്ല. ജയത്തോടെ കിരീടപ്രതീക്ഷ നിലനിർത്താനും ചെമ്പടയ്ക്കായി. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ്സ് യുണൈറ്റഡാണ് എതിരാളികൾ. മത്സരത്തിൽ ജയിക്കാനായാൽ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് തിരികെയെത്താം.
സ്പോർട്സ് ഡെസ്ക്