മാഡ്രിഡ്: അത്ലറ്റിക്ക് ബിൽബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി റയൽ സോസിദാദ് 2020ലെ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി. 1987ലാണ് അവർ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. രണ്ടാഴ്ചയ്ക്കുശേഷം 2021ലെ കോപ്പ ഡെൽ റേ ഫൈനലിൽ ബിൽബാവോ ബാഴ്സലോണയെ നേരിടും.

ഇരു ടീമുകളും പ്രതിരോധത്തെ ആശ്രയിച്ചുകളിച്ച മത്സരത്തിൽ സോസിദാദിന് തന്നെയായിരുന്നു മേൽക്കൈ. എങ്കിലും വല കുലുക്കാൻ അവർക്ക് പെനാൽറ്റിയെ ആശ്രയിക്കേണ്ടിവന്നു. അറുപത്തിമൂന്നാം മിനിറ്റിലായിരുന്നു സ്പോട്ട്കിക്കിൽ നിന്ന് ക്യാപ്റ്റൻ മിക്കെ ഒയാർസാബൽ വിജയഗോൾ വലയിലാക്കിയത്.

ഇനീഗോ മാർട്ടിനെസ് ബോക്സിൽ പോർട്ടു പോർട്ടുഗ്യുസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പ്ലേസ് ചെയ്യുകയായിരുന്നു ഒയാർസാബൽ. ബോക്സിലെ ഫൗളിന് റഫറി ആദ്യം മാർട്ടിനെസിന് ചുവപ്പ് കാർഡ് കാണിച്ചെങ്കിലും വാർ പരിശോധിച്ച് മഞ്ഞകാർഡാക്കുകയായിരുന്നു.



ഫൈനൽ കാണാൻ കാണികൾക്ക് അവസരമൊരുക്കണമെന്ന ഇരു ടീമുകളുടെയും ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ തവണത്തെ ഫൈനൽ മാറ്റിവച്ചത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടന്ന് ഇക്കുറിയും സ്റ്റേഡിയത്തിലേയ്് കാണികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത് അഞ്ചാം തവണയാണ് ബിൽബാവോ കോപ്പ ഡെൽ റേയുടെ ഫൈനലിൽ തോൽക്കുന്നത്. ഏപ്രിൽ പതിനേഴിനാണ് ബാഴ്സയുമായുള്ള അവരുടെ ഈ വർഷത്തെ ഫൈനൽ.