കൊച്ചി: സ്വർണ്ണക്കടക്കാർക്ക് നാളെ ചാകരയാണ്. പരസ്യത്തിലൂടെ ഉപഭോക്താക്കളെ അവർ തങ്ങളിലേക്ക് അടുപ്പിക്കുന്നു. സ്വർണം വാങ്ങിയാൽ സ്വർഗ്ഗം കിട്ടുമെന്ന തരത്തിലാണ് പരസ്യ കോലാഹലങ്ങൾ. എന്തിനും ഏതിനും നല്ലതാണ് ഈ ദിവസമെന്ന് പറഞ്ഞ് പാത്രക്കടക്കാർ മുതൽ മൊട്ടുസൂചി വിൽപ്പനക്കാർ വരെ രംഗത്തുണ്ട്. എന്നാൽ ഈ ദിവസം എന്ത് വാങ്ങിയാലും പുണ്യം കിട്ടില്ലെന്നാണ് ഹൈന്ദവ ആത്മീയാചാര്യന്മാർ പോലും പറയുന്നത്. ഉപഭോഗ ഭ്രാന്തിന് അടിമയായ മലയാളിയെ പറ്റിക്കാനുള്ള കച്ചവട തന്ത്രമാണ് അക്ഷയ തൃതീയയെന്ന് ഹൈന്ദവ ആത്മീയ ഗുരുക്കളിൽ പ്രമുഖനായ ചിദാനന്ദപുരിയും പറയുന്നു. സ്വർണ്ണക്കട മുതലാളിയായ ജോയ് ആലുക്ക തന്നെ ഇതിന് പിന്നലെ പരസ്യ ബുദ്ധിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും മെഴുകു നിറച്ചതും അല്ലാത്തതുമായ സ്വർണം വാങ്ങാൻ മലയാളി അക്ഷയ തൃതീയ ദിവസം ജൂലറികളിലെത്തുന്നു.

ഹിന്ദുക്കൾക്കും ജൈനന്മാർക്കും വിശേഷദിവസമാണ് അക്ഷയ തൃതീയ. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ തൃതീയ. വേദവ്യാസനും ഗണപതിയും ചേർന്ന് മഹാഭാരതം എഴുതിത്ത്ത്ത്ത്ത്ത്ത്ത്തുടങ്ങിയതും ആ നാളിലാണ്. ജൈന വിശ്വാസമനുസരിച്ച് 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ തീർത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിൾ കരിമ്പിൻ നീരു കുടിച്ചതും അക്ഷയ ത്രിതിയ നാളിലായിരുന്നു. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഏറ്റവും വലിയ പുണ്യം കിട്ടും എന്നാണ് വിശ്വാസം. ദാനം ചെയ്യേണ്ട ദിവസം സ്വർണം വാങ്ങി ഉള്ള കാശ് കൂടി കളയുകയാണ് മലയാളികൾ.

ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ അക്ഷയ തൃതീയ നാളിൽ സ്വർണ്ണക്കടകൾക്കു മുന്നിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ കാര്യം കൂടുതൽ വ്യക്തമാകും. ഒന്ന് ആണുങ്ങളുടെ ക്യൂ ആണെങ്കിൽ മറ്റേത് സ്ത്രീകളുടേത്.-അക്ഷയ തൃതീയ ദിവസത്തെ സ്വാമി ചിദാനന്ദപുരി പോലും വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ദാനം നൽകുവാൻ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വർണം വാങ്ങാൻ ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വർഷങ്ങളായി, സ്വർണ്ണക്കച്ചവടക്കാർ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഏതു പറ്റിക്കലും കാന്തം വച്ചുപിടിച്ചെടുക്കുന്ന മലയാളി ഈ പറ്റിക്കലിനും വർഷങ്ങളായി പണം മുടക്കിപ്പോരുന്നു. അത്രമാത്രം. നാളെയും അത് തുടരും. അതുകൊണ്ടാണ് ഇന്ന് വമ്പൻ ബ്രാൻഡുകളെല്ലാം പരസ്യവുമായെത്തുന്നത്.