ഹൈദരാബാദ്: തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണിക്കടയിലേക്ക് കൂട്ടുകാരൻ പോകുന്നത് ഇഷ്ടപ്പെടാതിരുന്നപ്പോൾ എംബിഎ കാരൻ ഉണ്ടാക്കിയ കള്ളക്കഥ വിനയായത് ഒരു പാവം ഹോട്ടലുടമയ്ക്കാണ്. ഹൈദരാബാദ് ഈ ഹൈടെക് കഥ അരങ്ങേറിയത്. കഥ മെനഞ്ഞെടുക്കുക മാത്രമല്ല ചെയ്തത് അതിന് വാട്‌സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നൽകുകയും ചെയ്തു.

എംബിഎ വിദ്യാർത്ഥിയുണ്ടാക്കിയ കള്ളത്താൽ വരുമാനം മുട്ടിയ ഹോട്ടലുടമയുടെ കഥ കഴിഞ്ഞ ഒരു മാസം മുഴുവൻ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. എല്ലാവരും വ്യാപകമായ പ്രചാരണങ്ങളും പ്രതികരണങ്ങളുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ അതിന്റെ പിന്നിലുള്ള സത്യാവസ്ഥ മനസിലാക്കാൻ ആരും തന്നെ തയ്യാറായിരുന്നില്ല. എന്താണ് അതിന്റെ പിന്നാമ്പുറ കഥ എന്ന് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞത്.

വലബോജു ചന്ദ്രമോഹൻ എന്ന വിദ്യാർത്ഥിയാണ് മാംസമുരിക്കപ്പെട്ട പട്ടികളുടെ ചിത്രമുൾപ്പെടെ പട്ടി ബിരിയാണിയെ കുറിച്ച് വാട്സ് ആപിൽ ഇട്ടത്. ഇതിനെ തുടർന്ന് ഷാഗോസ് എന്ന ഹോട്ടലിന്റെ ഉടമയെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മാംസം അറുത്തെടുത്ത ചിത്രം ഹോട്ടൽ ഷാഗോസിലേതെന്ന് കാട്ടി ചന്ദ്രമോഹൻ വാട്സ് ആപിലിടുകയും അത് കുറെ പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് ഡിസംബർ 14ന് ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പട്ടി മാംസം ബിരിയാണിയൂടെ വിളമ്പി എന്ന് ടെലിലിഷൻ ചാനലുകളടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിലെത്തുകയും മാംസം പരിശോധനക്ക് കൊണ്ടു പോകുകയുമായിരുന്നു. തുടർന്ന് പരിശോധയിൽ പട്ടിമാംസം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് ഹോട്ടലുടമ മൊഹമ്മദ് റബ്ബാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരമൊരു വ്യാജ വാർത്ത പരന്നതിനെ തുടർന്ന് തന്റെ സ്ഥാപനത്തിന്റെ സൽപേര് നഷ്ടപ്പെട്ടെന്നും ധനനഷ്ടമുണ്ടായെന്നും മൊഹമ്മദ് റബ്ബാനി പരാതി നൽകി.

ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ചന്ദ്രമോഹനിലേക്ക് പൊലീസെത്തിയത്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം ചന്ദ്രമോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.