ബോളിവുഡ് നടി ശിൽപ ഷെട്ടിക്കെതിരായ വംശീയാധിക്ഷേപത്തിന്റെ പേരിൽ ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോ ഇന്ത്യയിലും പ്രശസ്തമാണ്. ഇപ്പോഴിതാ അതേ വിവാദത്തെ ഓർമിപ്പിച്ചുകൊണ്ട് വംശീയാധിക്ഷേപവും തെറിവിളിയും ആവർത്തിച്ചു. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ മേഗൻ മെക്കന്നയാണ് ബിഗ്ബ്രദർ താരങ്ങളെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തെറിവിളി നടത്തിയത്.

വ്യാഴാഴ്ച രാത്രിയിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിനിടെയാണ് സംഭവം. ഷോയിൽ പങ്കെടുക്കുന്ന ടിഫാനി പൊള്ളാർഡിനുനേരെ തെറിവിളിയുമായി പാഞ്ഞടുത്ത മേഗനെ ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. റിയാലിറ്റി ഷോ പരിധിവിട്ടതോടെ, അധികൃതർ ചാനലിന് നോട്ടീസ് നൽകിയിട്ടുണ്ട്. മേഗന്റെ പരിപാടിയിലെ പങ്കാളിത്തവും ഇതോടെ സംശയത്തിലായി.

താരങ്ങൾ താമസിക്കുന്ന വീടിന്റെ വൃത്തിയെച്ചൊല്ലിയുള്ള തർക്കമാണ് മേഗനും അമേരിക്കൻ റിയാലിറ്റി താരമായ ടിഫാനിയുമായി കോർക്കുന്നതിന് ഇടയാക്കിയത്. മേഗനും മറ്റൊരു താരമായ ജോൺ പാട്രിഡ്ജുമായി കയർത്ത് സംസാരിക്കുന്നതിനിടെ ടിഫാനി ഇടപെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. വീട് വൃത്തിഹീനമാക്കുന്നതിന്റെ പേരിൽ മേഗൻ എല്ലാവരെയും ചീത്തവിളിക്കുന്നതിനിടെ ടിഫാനി ഇടപെടുകയായിരുന്നു.

കിടക്കയിൽ കിടക്കുകയായിരുന്ന ടിഫാനിയെ വംശീയമായി അധിക്ഷേപിച്ചതോടെ ബിഗ് ബ്രദർ ഷോയുടെ പ്രേക്ഷകർ ഞെട്ടി. പലരും ട്വിറ്ററിലും മറ്റും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. മേഗനും ടിഫാനിയും തമ്മിൽ അടിവീഴുമെന്ന ഘട്ടമായതോടെ ചാനലിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബിഗ് ബ്രദർ ഹൗസിൽ കയറി മേഗനെ ശാന്തമാക്കുകയായിരുന്നു.