- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ 'ക്യാപ്ടൻ' ആക്കിയ മഹാപ്രളയം സർക്കാർ വീഴ്ച്ചയുടെ സൃഷ്ടി! 2018ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമെന്ന് പഠന റിപ്പോർട്ട്; സിഎജി നിർദേശത്തിൽ നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് നിരവധി ജീവൻ പൊലിഞ്ഞ കെടുകാര്യസ്ഥതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ട്
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ 'ക്യാപ്ടൻ' ആക്കി കൊണ്ടുള്ള സൈബർ തള്ളുകൾ തുടങ്ങുന്നത് 2018ലെ മഹാപ്രളയത്തിന് ശേഷമാണ്. ഈ പ്രളയകാലത്ത് കേരള ജനതയെ ഒരുമിപ്പിച്ചു നിന്നു രക്ഷകനായ നേതാവാണ് പിണറായി എന്നാണ് ഇടതു സൈബർ ലോകത്തെ തള്ളുകൾ. എന്നാൽ, കേരള ജനതയെ ദുരിതത്തിൽ ആക്കിയ പ്രളയം സർക്കാറിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായതാണെന്ന ആക്ഷേപവും ശക്തമായിരുന്നു. ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും 'ക്യാപ്ടൻ' ആക്കുമ്പോൾ തിരിച്ചടിയായുള്ള സുപ്രധാന റിപ്പോർട്ടു കൂടി പുറത്തുവന്നു. സർക്കാർ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.
കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദ്ദേശപ്രകാരമായിരുന്നു പഠനം. മലയാള മനോരമയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിർമ്മാണ രേഖയിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉൽപാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതൽ 18 വരെ ഇടുക്കി ഡാമിലെ മുഴുവൻ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്ളഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. ഫ്ളഡ് കുഷൻ അളവായ 110.42 മില്യൻ ക്യുബിക് മീറ്റർ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാർ ഡാമിലും മുഴുവൻ ശേഷിയിൽ ഫ്ളഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. വെള്ളപ്പൊക്ക സമയത്ത് ലോവർ പെരിയാർ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവർ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാർ പവർ ഹൗസിൽ 2018 ഓഗസ്റ്റ് 16 മുതൽ 18 വരെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നില്ലെന്നും വാർത്തയിൽ പറയുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ വാട്ടർ റിസർച് വകുപ്പിലെ പി.പി.മജുംദാർ, ഐഷ ശർമ, ആർ.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. മഹാപ്രളയവേളയിൽ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.
പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉയർത്തികാട്ടിയപ്പോൾ തന്നെയായിരുന്നു നേരത്തെ അമിക്കസ് കൂറി റിപ്പോർട്ടു പുറത്തുവന്നത്. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാൽ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സർക്കാർ സംവിധാനമാണ്. സർക്കാരും കേന്ദ്ര ജലകമ്മിഷൻ, ദേശീയ ദുരന്തനിവാരണ സമിതി തുടങ്ങിയ അധികാരികളും പുറപ്പെടുവിച്ച ഡാം സുരക്ഷ, പ്രളയ കൈകാര്യ മാർഗരേഖകൾ കേരളത്തിലെ അണക്കെട്ടുകളിൽ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ഡാമുകൾ പ്രവർത്തിപ്പിച്ചതു മാർഗരേഖയനുസരിച്ചല്ലെന്നും 'അമിക്കസ് ക്യൂറി' റിപ്പോർട്ടിൽ പറയുന്നു.
അതായത് ആലുവ അടക്കമുള്ള സ്ഥലങ്ങൾ മുങ്ങി താഴാനുള്ള കാരണം സർക്കാർ വീഴ്ചയാണെന്ന് സമ്മതിക്കുന്നു. ഈ കണ്ടെത്തലെല്ലാം പ്രതിപക്ഷത്തിന്റെ പ്രചരണായുധങ്ങളാണ്. ഇതിന് ഡാമില്ലാത്ത മലപ്പുറത്ത് എങ്ങനെ വെള്ളം പൊങ്ങിയെന്ന ചോദ്യവുമായി പ്രതിരോധത്തിന് എത്തുകയാണ് സർക്കാർ. പേമാരി അതിശക്തമായിരുന്നുവെന്നതാണ് വസ്തുത. മുമ്പില്ലാത്ത വിധം വെള്ളം പൊങ്ങി. അത് മലപ്പുറത്തും പ്രശ്നമുണ്ടാക്കി. അത് സാധാരണ മഴയിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു. ഉരുൾപൊട്ടലും മറ്റുമുണ്ടാക്കിയ സ്വാഭാവിക പ്രശ്നങ്ങൾ. എന്നാൽ ചെങ്ങന്നൂരും ആലുവയിലും ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമെന്നാണ് അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.
അപകടസാധ്യതയെക്കുറിച്ച് ജൂലൈ അവസാനം തന്നെ കൃത്യമായ വിവരം ലഭിച്ചിട്ടും ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കെഎസ്ഇബി വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. ഇതേക്കുറിച്ച് അടക്കം വിശദമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്സിന്റെ റിപ്പോർട്ട്.
അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തിൽ വസ്തുതയില്ല. കേരളത്തിൽ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങൾ തയാറായിട്ടില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡാമുകൾ തുറന്നു വിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തില്ല. ജനങ്ങൾക്കു നൽകേണ്ട ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിക്കാതെ ഡാമുകൾ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും അമിക്കസ് കൂറി റിപ്പോർട്ട് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ