ചെന്നൈ: പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രാർത്ഥനയും വഴിപാടുകളും തനിക്ക് പുനർജന്മമേകിയെന്ന് മുഖ്യമന്ത്രി ജയലളിത. 50 ദിവസത്തിലേറെയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ജയലളിതയുടെ പ്രസ്താവന അണ്ണാ ഡിഎംകെ അണികൾക്ക് ഏറെ പ്രതീക്ഷയാണ്.

എന്നാൽ ഈ പ്രസ്താവനയിൽ ജയലളിതയുടെ ഒപ്പില്ലാത്തതും ചർച്ചയാകുന്നുണ്ട്. അമ്പത് ദിവസമായി ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ യഥാർത്ഥ രോഗ വിവരങ്ങൾ ഇനിയും ആശുപത്രി പുറത്തുവിട്ടിട്ടില്ല. ഇപ്പോഴും മുഖ്യമന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ലെന്നാണ് സൂചന.

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു മണ്ഡലങ്ങളിൽ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അവർ ആഹ്വാനംചെയ്തു. അസുഖം ഭേദമാകാൻ പ്രാർത്ഥനകളും വഴിപാടും നടത്തിയവർക്ക് നന്ദിയും അറിയിച്ചു. ''പാർട്ടിപ്രവർത്തകരുടെയും ലോകത്തെങ്ങുമുള്ള സ്‌നേഹമുള്ള ജനങ്ങളുടെയും വഴിപാടുകളും പ്രാർത്ഥനയും മൂലം പുനർജന്മമുണ്ടായി. ഞാൻ സുഖം പ്രാപിച്ചുവരികയാണ്.

നിങ്ങളുടെ സ്‌നേഹമുള്ളിടത്തോളം എനിക്കൊന്നും സംഭവിക്കില്ല. പൂർണമായി സുഖംപ്രാപിച്ച് ഉടൻതന്നെ ജനങ്ങൾക്കുവേണ്ടി കർമനിരതയായി രംഗത്തെത്തും'' അവർ പറഞ്ഞു. തനിക്ക് വേണ്ടി ആത്മഹത്യ ചെയ്തുവെന്ന വാർത്ത വേദനയുണ്ടാക്കിയെന്നും ഇനിയത് ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു.

തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ഡ്രം മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ നെല്ലിത്തോപ്പിലേക്കും ഈ മാസം 19ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ശക്തമായ പ്രവർത്തനവും പ്രചാരണവും നടത്താൻ അണികളോട് അവർ നിർദ്ദേശിച്ചു. പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വോട്ടർമാരോടും അഭ്യർത്ഥിച്ചു.

''എ.ഐ.എ.ഡി.എം.കെ.സ്ഥാനാർത്ഥികളുടെ വിജയത്തിനായി കഠിനമായി പ്രയത്‌നിക്കണം. ചികിത്സയിലായതിനാൽ വോട്ടർമാരെ നേരിൽക്കാണാൻ സാധിച്ചില്ല. എങ്കിലും എന്റെ മനസ്സും ഹൃദയവും എന്നും നിങ്ങൾക്കൊപ്പമുണ്ട്. എനിക്കുവേണ്ടി, എന്റെ വിജയത്തിനുവേണ്ടി നിങ്ങളെങ്ങനെ പ്രവർത്തിച്ചുവോ അതുപോലെ നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ വിജയത്തിനായും പ്രവർത്തിക്കണം'' ജയലളിത പറഞ്ഞു.

പനിയും നിർജലീകരണവും മൂലം സപ്തംബർ 22നാണ് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയാണ് രോഗമെന്നായിരുന്നു ആദ്യ വിശദീകരണം. തുടക്കം മുതൽ സന്ദർശകരെ അനുവദിച്ചില്ല. ഇതിനിടെയിൽ ഗവർണ്ണറുടെ സമ്മർദ്ദത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വകുപ്പുകൾ മന്ത്രിയായ പനീർസെൽവത്തിന് കൈമാറി. ഇതോടെ ജയലളിതയുടെ ആരോഗ്യ നിലയിൽ ആശങ്ക കൂടി. ബ്രിട്ടണിൽ നിന്നും സിംഗപ്പൂരിൽ നിന്നും വിദഗ്ധ ഡോക്ടർമാരുമെത്തി. വെന്റിലേറ്ററിലുള്ളവരെ പരിശോധിക്കുന്നതിൽ മികവുള്ള ഡോക്ടർമാരായിരുന്നു അവർ. ഇതിന് ശേഷമാണ് ആരോഗ്യനിലയിൽ പുരോഗതി കണ്ടു തുടങ്ങിയത്.

ജയലളിതയുടെ അണുബാധ പൂർണമായും മാറിയെന്നും ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ ആശുപത്രി വിടാമെന്നും ശനിയാഴ്ച അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിലുള്ള പുരോഗതിയനുസരിച്ചായിരിക്കും ജയലളിത ആശുപത്രി വിടുകയെന്നും അതിനാലാണ് മുൻകൂട്ടി ദിവസം നിശ്ചയിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി വിടുന്ന കാര്യത്തിൽ ജയലളിത തീരുമാനം എടുക്കുമെന്നും സൂചനയുണ്ട്. അതിനിടെയാണ് ഒപ്പില്ലാത്ത പ്രസ്താവന പുറത്തെത്തുന്നത്.