കൊച്ചി: കടൽ ക്ഷോഭം തകർത്തെറിഞ്ഞ ചെല്ലാനത്തിന്റെ പുനർ നിർമ്മിതിക്ക് സുമനസുകളുമായി സഹകരിച്ച് ഹൈബി ഈഡൻ എംപിയുടെ റീ ബിൽഡ് ചെല്ലാനം പദ്ധതി ഒരുങ്ങുന്നു. മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ തോമസാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.4 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ജൂൺ 30 ന് ആരംഭിക്കുന്നത്.

' തണൽ ' ഭവന പദ്ധതിക്ക് തുടക്കം കുറിച്ച വീടിന്റെ സ്‌പോൺസർമാരായിരുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും, ജീവ കാരുണ്യ രംഗത്ത് വലിയ സംഭാവനകൾ നൽകി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ നിർമ്മിച്ച് നൽകിയ ആസ്റ്റർ ഡി എം ഫൗണ്ടേഷനുമാണ് 4 വീടുകളുടെ സ്‌പോൺസർമാർ.

കടൽ തീരത്ത് വീടുകൾ തകർന്ന് പോയ ചെല്ലാനം പഞ്ചായത്തിൽ തന്നെ കടൽ കയറ്റ ഭീഷണി ഇല്ലാത്ത മറ്റു സ്ഥലങ്ങൾ ഉള്ളവർക്കാണ് ആദ്യ ഘട്ടം വീട് നിർമ്മിച്ച് നൽകുന്നത്. 7 വീടുകളാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യ ഘട്ടത്തിൽ 12 വീടുകൾ പുനർ നിർമ്മിക്കും.പരമാവധി ജീവകാരുണ്യ പ്രവർത്തകരുടെ ശ്രദ്ധ ഇവിടേക്ക് എത്തിച്ച് ചെല്ലാനത്ത കൈപിടിച്ച് ഉയർത്തുക എന്നതാണ് റീബിൽഡ് ചെല്ലാനം പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ആളുകളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുകയാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു