- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോമിൽ അല്ലാതെ നേതാവിനെ ഷാൾ അണിയിച്ചാൽ അതെങ്ങനെ ചട്ടലംഘനമാകും? ചെന്നിത്തലയെ ഷാൾ അണിയിച്ചു ഒപ്പം നിന്നും ഫോട്ടോയെടുത്ത പൊലീസുകാരെ സസ്പെൻഡ് ചെയ്തതിൽ സേനക്കുള്ളിൽ അമർഷം; നടപടി ചട്ടലംഘനം നടത്തിയെന്ന കൊച്ചി സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കൊച്ചി: യൂണിഫോമില്ലാതെ ഒരു സ്വകാര്യ ചടങ്ങൾ പൊലീസുകാർ പങ്കെടുത്താൽ അത് ചട്ടലംഘനമാകുമോ? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊച്ചിയിൽ എത്തിയപ്പോൾ അവിടെ ഷാൾ അണിയിച്ചു നേതാവിനെ സ്വീകരിക്കുകയും ഒപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പൊലീസ് സേനക്കുള്ളിൽ ചർച്ചക്ക് ഇടയാക്കുകയാണ്. ഇങ്ങനെയാണെങ്കിൽ പൊലീസുകാർക്ക് വിവാഹത്തിൽ പോലും പങ്കെടുക്കാൻ സാധിക്കില്ലല്ലോ എന്നാണ് സേനക്കുള്ളിൽ ഉള്ളവർ പറയുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത സംഭവത്തിൽ 2 പൊലീസുകാരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. കല്ലൂർക്കാട് എഎസ്ഐ ബിജു, റൂറൽ എച്ച്ക്യു ക്യാംപിലെ സിപിഒ സിൽജൻ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ഇവരും സിറ്റി പൊലീസ് ജില്ലയിലെ 3 പൊലീസുകാരും ചട്ടലംഘനം നടത്തിയതായി സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഐശ്വര്യ കേരളയാത്രയുമായി നഗരത്തിലെത്തിയപ്പോഴാണു പൊലീസുകാർ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചത്.
ബിജുവിനും സിൽജനും പുറമെ സിറ്റി ജില്ലാ ആസ്ഥാനത്തെ എഎസ്ഐ ജോസ് ആന്റണി, സിറ്റി കൺട്രോൾ റൂം എഎസ്ഐ ഷിബു ചെറിയാൻ, സിറ്റി എച്ച്ക്യു ക്യാംപിലെ സിപിഒ ദിലീപ് സദാനന്ദൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്. വ്യാഴം രാത്രി 11ന് എറണാകുളം ഗെസ്റ്റ് ഹൗസിലാണു പൊലീസുകാർ നേതാക്കളെ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
രമേശ് ചെന്നിത്തലയെ ബിജുവും മറ്റു പൊലീസുകാരും ചേർന്നു ഷാൾ അണിയിക്കുന്നതും കെപിസിസി പ്രസിഡന്റിനൊപ്പം നിൽക്കുന്നതുമായ ഫോട്ടോകൾ പുറത്തു വന്നതിനെ തുടർന്നാണു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള പൊലീസ് അസോസിയേഷൻ സിറ്റി, റൂറൽ ജില്ലാ മുൻ ഭാരവാഹികളാണ് 5 പൊലീസുകാരും.
അതേസമയം, പൊലീസുകാർ ചെയ്തതിൽ തെറ്റില്ലെന്നാണു സേനയിലെ യുഡിഎഫ് അനുകൂലികളുടെ വാദം. 'പൊലീസുകാർ ഡ്യൂട്ടി സമയം കഴിഞ്ഞാണു ഗെസ്റ്റ് ഹൗസിൽ ചെന്നു നേതാക്കളെ കണ്ടത്. പ്രതിപക്ഷനേതാവ് ഭരണഘടനാ സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയാണ്. അദ്ദേഹത്തെ ഷാൾ അണിയിക്കുന്നതിലെന്താണു തെറ്റ്? നിയമവശം പരിശോധിച്ചു തുടർ നടപടിയെടുക്കും.' അവർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ