ന്യുയോർക്ക്: ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാർ ജോയ് ആലപ്പാട്ട് പിതാവിന് സ്റ്റാറ്റൻ ഐലൻഡ് ബ്ലസഡ് കുഞ്ഞച്ചൻ ഇടവകയുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരവും സ്‌നേഹോഷ്മളവുമായ സ്വീകരണവും അനുമോദന സമ്മേളനവും നൽകി. രൂപതയുടെ സഹായ മെത്രാനായശേഷം മാർ ആലപ്പാട്ട്  നടത്തിയ പ്രഥമ ഇടയ സന്ദർശനത്തിന് സാക്ഷികളാകുവാൻ സ്റ്റാറ്റൻ ഐലൻഡ് മലയാളി സമൂഹത്തിലെ വിവിധ മത-സാമൂഹിക പ്രതിനിധികളും എത്തിച്ചേർന്നിരുന്നു.

ഒക്‌ടോബർ 18 ശനിയാഴ്ച വൈകുന്നേരം 4:30-ന് ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന പിതാവിനെ കൈക്കാരൻ ദേവസ്യാച്ചൻ മാത്യു ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് കേരള തനിമയിലുള്ള കൊടികൾ, മുത്തുക്കുടകൾ, താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. വികാരി ഫാ. സിബി വെട്ടിയോലിൽ കത്തിച്ച തിരി നൽകി പിതാവിനെ പള്ളിയിലേക്ക് സ്വീകരിക്കുകയും സെന്റ് മേരീസ് പള്ളിയുടെ പാസ്റ്റർ റവ. വിക്ടർ ബുബൻഡോർഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

പള്ളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം സെന്റ് മേരീസ് പാരീഷ് ഹാളിൽ കൂടിയ അനുമോദന സമ്മേളനം ലിൻജു ജോസഫിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. ജോഷ്വാ ജോസഫ് നാഷണൽ ആൻഥം ആലപിച്ചു. തുടർന്ന് നോർത്തീസ്റ്റ് റീജിയണിലെ വിവിധ ക്രിസ്തീയ സഭകളെയും ഇടവകകളെയും പ്രതിനിധീകരിച്ച് ഫാ. ടി എ തോമസ് (സെന്റ് മേരീസ് ഓർത്തഡോക്‌സ്), ഫാ. തദേവൂസ് അരവിന്ദത്ത് (റോക്ക്‌ലാൻഡ്), ഫാ. അലക്‌സ് ജോയി (സെന്റ് ജോർജ് ഓർത്തഡോക്‌സ്), ഫാ. തോമസ് കടുകപ്പിള്ളിൽ (ഈസ്റ്റ് മിൽസ്റ്റോൺ), ഫാ. മാത്യൂസ് എബ്രഹാം (മാർത്തോമ്മ ചർച്ച്), ഫാ. ചെറിയാൻ മുണ്ടക്കൽ (മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്), ഫാ. ജോ കാരിക്കുന്നേൽ, ഫാ. ജോൺ കല്ലാറ്റിൽ, ഫാ. ജോബി പുന്നിലത്തിൽ എന്നിവർ ആശംസകൾ നേർന്നു.

മത-സാമൂഹിക പ്രവർത്തകരും മലയാളി സംഘടനാ പ്രതിനിധികളുമായ ഡോ. രാമചന്ദ്രൻ നായർ (ഹിന്ദു ടെംബിൾ-നായർ ബെനവലന്റ്), പ്രസന്ന ബാബു (എസ്എൻഡിപി), രാജു മൈലപ്ര (അശ്വമേധം), ഷാജി എഡ്‌വേർഡ് (ഫോമ), ബേബി ഊരാളിൽ (ക്‌നാനായ അസോസിയേഷൻ), ഡോ. ജോസ് കാനാട്ട് (ഗ്ലോബൽ മലയാളി), ലീല മാരേട്ട് (ഫോക്കാന), ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ ്), എസ് എസ് പ്രകാശ് (മലയാളി അസോസിയേഷൻ), കൊച്ചുമ്മൻ കാമ്പിയിൽ (കേരള സമാജം) എന്നിവരും പിതാവിന് ആശംസകൾ നേരുകയുണ്ടായി. ഇടവകയിലെ എസ്എംസിസി പ്രസിഡന്റ്റ് ആന്റോ ജോസഫ്, വിമൻസ് ഫോറം പ്രസിഡന്റ് ഡെയ്‌സി തോമസ് എന്നിവർ പൂച്ചെണ്ടുകൾ നൽകി പിതാവിനെ അനുമോദിച്ചു. ആലപ്പാട്ട് പിതാവ് രചിച്ച സുപ്രസിദ്ധ ഭക്തിഗാനം (കാനായിലെ കല്ല്യാണ നാളിൽ...) ഇടവകയിലെ സൺഡേ സ്‌കൂൾ കുട്ടികൾ ആലപിച്ച് പിതാവിന്റെ ബഹുമാനാർത്ഥം സമർപ്പിച്ചു. ബാബു നരിക്കുളം, വില്യംസ് അലക്‌സാണ്ടർ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ തനിക്കു നൽകിയ സ്‌നേഹോഷ്മള സ്വീകരണത്തിനും അനുമോദനാശംസകൾക്കും ഏവർക്കും നന്ദി പറയുകയും, ഒപ്പം വരുംതലമുറയുടെ കാര്യത്തിൽ പ്രവാസികളായ എല്ലാ മലയാളി സമൂഹങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഒന്നാണെന്നും, അത് തരണം ചെയ്യാൻ എല്ലാ മത-സാമൂഹിക വിഭാഗങ്ങളും കൈകോർത്ത് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. തുടർന്ന്, പിതാവിന് അനുമോദനങ്ങൾ നേർന്നുകൊണ്ടുള്ള കേക്ക് മുറിച്ച് ഏവരും മധുരം പങ്കുവയ്ക്കുകയും ചെയ്തു.

സ്വീകരണ പരിപാടികൾക്ക് തോമസ് തോമസ് പാലത്തറ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ജോർജ് മുണ്ടിയാനി ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. കൈക്കാരൻ ഫിലിപ്പ് പായിപ്പാട്ട് ഏവർക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിനു ശേഷം ഷാജി മാത്യു, സ്റ്റാൻലി ജോസഫ് , ബേബി ആന്റണി എന്നിവരുടെ മേൽനോട്ടത്തിൽ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.