ഓക്ക്‌ലാൻഡ്: വിന്റർ രോഗങ്ങളുടെ പിടിയിൽ നിന്നു കുട്ടികളെ രക്ഷിക്കുന്നതിനായി ചൈൽഡ് കെയർ സെന്ററിൽ വിടാതെ മാതാപിതാക്കൾ. ഒട്ടേറെ കുട്ടികൾ വരുന്ന ചൈൽഡ് കെയർ സെന്ററുകളിൽ കുട്ടികളുടെ സാന്നിധ്യം ഏറെ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ കുട്ടികളെ കഴിവതും ഒപ്പം കൂട്ടിയിരിക്കുകയാണ് മാതാപിതാക്കൾ. അതേസമയം സമ്മർ മാറി വിന്റർ പിടിമുറുക്കിയതോടെ ഫ്‌ലൂ, അഞ്ചാം പനി, ഗ്യാസ്‌ട്രോ ബഗ്‌സ് തുടങ്ങിയ രോഗങ്ങളും ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് എത്തി. രോഗബാധിതരുടെ എണ്ണവും ക്രമാതീതമായതോടെ ഡോക്ടർമാർക്കും ഏറെ തിരക്കാണിപ്പോൾ.

ചൈൽഡ് കെയർ സെന്ററിൽ മറ്റു കുട്ടികളിൽ നിന്നും രോഗം പകരുമെന്നതിനാൽ കഴിവതും മക്കളെ കൂടെ തന്നെ നിർത്താൻ ശ്രമിക്കുകയാണ് മാതാപിതാക്കൾ. ചൈൽഡ് കെയർ സെന്ററിൽ പോകാൻ തുടങ്ങിയതിൽ പിന്നെ 64 ദിവസത്തിൽ 28 ദിവസവും രോഗിയായ കുട്ടികൾ ഏറെയുണ്ടെന്ന് ഉദാഹരണ സഹിതം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക കുട്ടികളും രോഗബാധ ഒഴിയാതെ കഴിയുകയെന്നത് ഏറെ ദുഃഖകരമായ അവസ്ഥയാണെന്ന് മാതാപിതാക്കൾ പരാതിപ്പെടുന്നു.

ചൈൽഡ് കെയർ സെന്ററുകളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതാണ് ഇത്തരത്തിൽ രോഗം ഒഴിയാതെ നിൽക്കാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കൾ ലീവെടുത്ത് കുട്ടികൾക്കൊപ്പം നിൽക്കുന്നതിനാൽ കുടുംബവരുമാനത്തേയും ഇതു സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

കുട്ടികൾക്കിടയിൽ വിന്റർ രോഗങ്ങൾ ശക്തമായതിനൊപ്പം തന്നെ മുതിർന്നവരേയും പ്രായമായവരേയും തണുപ്പു മൂലമുള്ള രോഗം പിടിപെടുന്നുണ്ട്. അഞ്ചാം പനി, ഫ്‌ലൂ തുടങ്ങിയ വിന്റർ രോഗങ്ങളുടെ പിടിയിലാണ് പ്രായമായവരും. അതുകൊണ്ടു തന്നെ ജിപികൾക്ക് തിരക്കേറിയ കാലം കൂടിയാണിത്.