അഗര്‍ത്തല: ആദിവാസി ശാക്തീകരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ വായ്പാ പദ്ധതിയുമായി ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (ടി.ടി.എ.എ.ഡി.സി) രംഗത്ത്. ടിപ്ര-ഹാം (ത്രിപുര ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ലൈവ് ലിഹുഡ് റീസോര്‍സ് അസിസ്റ്റന്റ് ആന്‍ഡ് ഹെല്‍പ് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മൈക്രോ എന്റര്‍പ്രെനര്‍ഷിപ്പ്) എന്നാണ് ഓട്ടോറിക്ഷാ വായ്പാ പദ്ധതിയുടെ പേര്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് തദ്ദേശവാസികളുടെ ഉപജീവനത്തിനും മൈക്രോ എന്റര്‍പ്രെനര്‍ഷിപ്പിനുള്ള സഹായവും പ്രഖ്യാപിച്ചത്. കുറഞ്ഞ പലിശ നിരക്കില്‍ ഗ്രാമീണ് ബാങ്ക് വായ്പ ലഭ്യമാക്കും. വായ്പയില്‍ 20 ശതമാനം സബ്സിഡിയാണ്. ഓട്ടോറിക്ഷയുടെ മൊത്തം വിലയുടെ 15 ശതമാനം ഗുണഭോക്താക്കള്‍ നല്‍കണം. അപേക്ഷകര്‍ 21-45 ഇടയില്‍ പ്രായമുള്ള ടി.ടി.എ.എ.ഡി.സി പ്രദേശത്ത് സ്ഥിര താമസക്കാരായിരിക്കണമെന്നുമാണ് നിബന്ധന.

സംരംഭകത്വം അടിസ്ഥാനമാക്കിയുള്ള ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതായും സബ്സിഡിയുള്ള വാഹന വായ്പ ആവശ്യമുള്ളവര്‍ക്ക് ടിപ്ര -ഹാമിന്റെ പോര്‍ട്ടലില്‍ അപേക്ഷിക്കാമെന്നും ഭരണകക്ഷിയായ ടിപ്ര മോതയുടെ സ്ഥാപകന്‍ പ്രദ്യോത് കിഷോര്‍ ദേബര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.