പട്‌ന: കനത്ത മഴയില്‍ വടക്കന്‍ ബിഹാറില്‍ നദികള്‍ കരകവിഞ്ഞതോടെ ചമ്പാരനിലെ ഇരുപതോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. നേപ്പാളില്‍ നിന്നുല്‍ഭവിക്കുന്ന ഗണ്ഡക്, ബാഗ്മതി, കോസി നദികളാണ് കരകവിഞ്ഞൊഴുകുന്നത്. വാല്‍മീകി നഗര്‍ കടുവാ സങ്കേതത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. സഹര്‍സ ജില്ലയില്‍ കോസി നദിക്കരയിലെ ഏഴു പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു.

കിഷന്‍ഗഞ്ച്, മധുബനി, സുപോള്‍, അരാരിയ, സീതാമഡി, ശിവ്ഘര്‍, ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ കനത്ത മഴയും ഇടിമിന്നലുമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബിഹാറിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസം 13 പേരാണ് മിന്നലേറ്റു മരിച്ചത്.