തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്‍പത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. കോളേജിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളുമായാണ് സംഘര്‍ഷം നടന്നത്. കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മില്‍ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ചെറിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് കോളേജിലെ ഗാര്‍ഡന്‍ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് സംഘര്‍ഷം നടന്നത്.

മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി സിനാന് കൈയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 9 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. റോഡില്‍ വെച്ച് നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തല്ലുണ്ടാക്കുന്നത് വ്യക്തമായി കാണാം.