- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപരിശീലക സ്ഥാനത്തേക്ക് അഭിഷേക് നായര്‍; ബൗളിംഗ് കോച്ചായി സഹീര്‍ ഖാന്; ജോണ്ടി റോഡ്സെത്തുമോ? ഗംഭീറിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ
മുംബൈ: ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിനെ പുതിയ ദൗത്യങ്ങളിലേക്കു നയിക്കാന്‍ ഗൗതം ഗംഭീറിനൊപ്പം സഹപരിശീലക സ്ഥാനത്തേക്ക് പ്രമുഖര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ സഹ പരിശീലകരെ നിയമിക്കാന്‍ പൂര്‍ണ അധികാരം നല്‍കണമെന്ന് ഗംഭീര്‍ ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഉപാധിവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഹപരിശീലക സ്ഥാനത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ പേരാണ് ഗംഭീര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി യുവതാരങ്ങളെ കണ്ടെത്തി പ്രചോദിപ്പിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള പിന്തുണ നല്‍കുകയും ചെയ്തത് അഭിഷേക് നായരായിരുന്നു. കിരീട നേട്ടത്തിന് ശേഷം യുവതാരങ്ങള്‍ ബാറ്റിംഗ് കോച്ചിന്റെ പിന്തുണ എടുത്തു പറഞ്ഞിരുന്നു. രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന അഭിഷേക് സഹപരിശീലകനായി എത്തുന്നത് ടീമിന് മുതല്‍ക്കൂട്ടാകും.
ഈ മാസം അവസാനം തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിലാവും ഗംഭീര്‍ പരിശീലകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കുക. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെ നിലവിലെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരും സ്ഥാനമൊഴിയുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ പുതിയ ബാറ്റിംഗ് കോച്ചും ബൗളിംഗ് കോച്ചും ഫീല്‍ഡിംഗ് കോച്ചും ഗംഭീറിന്റെ സംഘത്തിലുണ്ടാകും.
എന്നാല്‍ മുംബൈ താരമായിരുന്ന അഭിഷേക് നായരെ ബാറ്റിംഗ് കോച്ച് ആയല്ല സഹപരിശീലകനായാണ് ഗംഭീര്‍ മുന്നോട്ട് വെച്ചത്. ബാറ്റിംഗ് പരിശീലകന്റെ ഉത്തരവാദിത്തം ഗംഭീര്‍ തന്നെ വഹിക്കും. ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ ഗംഭീറിന്റെ സഹതാരവുമായിരുന്ന സഹീര്‍ ഖാന്റെ പേരാണ് ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ ഗംഭീറോ ബിസിസിഐയോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്റെ സേവനം ലഭിക്കുമോ എന്ന് ഗംഭീര്‍ ബിസിസിഐയോട് ആരാഞ്ഞിരുന്നു. ഇന്നലെയാണ് ഗംഭീറിനെ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി.
ക്യാപ്റ്റന്‍ എം.എസ്. ധോണിക്കൊപ്പം ഈ ലോകകപ്പുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിച്ച പേരാണ് ഗംഭീറിന്റേത്. 2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന ഗംഭീര്‍ രണ്ട് ലോകകപ്പുകളിലും ഫൈനലിലെ ടോപ് സ്കോററുമായിരുന്നു. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം മെന്ററായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ഗംഭീര്‍ രണ്ട് തവണയും ടീമിനെ പ്ലേ ഓഫിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്ററായ ഗംഭീര്‍ ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയ 2012, 2014 സീസണുകളില്‍ ഗംഭീറായിരുന്നു ടീം ക്യാപ്റ്റന്‍. 2024 ല്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ടീം മെന്ററുടെ റോളില്‍ ഗംഭീര്‍ കൊല്‍ക്കത്തയ്ക്കൊപ്പമുണ്ടായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പേ തന്നെ ഗംഭീറിന്റെ അഭിമുഖം പൂര്‍ത്തിയായിരുന്നെങ്കിലും, പ്രതിഫലക്കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നതിനാലാണു ഹെഡ് കോച്ചായുള്ള പ്രഖ്യാപനം ഇത്രയേറെ വൈകിയത്. ഗൗതം ഗംഭീറിന്റെ വാര്‍ഷിക പ്രതിഫലം എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് 2024 ഐപിഎല്‍ സീസണിനു തൊട്ടുമുന്‍പാണ് ഗംഭീര്‍ എത്തുന്നത്. ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിന്റെ മെന്റര്‍ സ്ഥാനം രാജി വച്ചായിരുന്നു ഗംഭീര്‍ പഴയ തട്ടകത്തിലേക്കുവന്നത്. ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതോടെ ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഗംഭീറിന് ചുമതലയേല്‍ക്കാന്‍ തുടക്കം മുതല്‍ താല്പര്യമുണ്ടായിരുന്നെങ്കിലും താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരുക്കമായിരുന്നില്ല.
കൊല്‍ക്കത്ത ടീമുടമ ഷാറുഖ് ഖാന് ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തുകയും പത്തു വര്‍ഷത്തേക്ക് ടീമിനൊപ്പം തുടരാനുള്ള ഓഫര്‍ നല്‍കുകയും ചെയ്തിരുന്നു. ടീം വിടാതിരിക്കാന്‍ ഷാറുഖ് ഗംഭീറിന് 'ബ്ലാങ്ക് ചെക്ക്' നല്‍കിയതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ഓവറുകള്‍ വേണ്ടെന്നു വച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ റോളിലെത്തുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനമായിരിക്കും ഗംഭീറിന്റെ ആദ്യ ചുമതല. മൂന്നു വര്‍ഷത്തേക്കാണ് ബിസിസിഐയുമായുള്ള കരാര്‍. ഇതുപ്രകാരം 2027 വരെ താരം ടീമിനൊപ്പമുണ്ടാകും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും 2025 ചാംപ്യന്‍സ് ട്രോഫിയിലും ഗംഭീര്‍ ടീമിനെ ഒരുക്കും. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗംഭീര്‍ രോഹിത് കോംബോ ആയിരിക്കും ഇനിയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ടീം ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ട്വന്റി20യില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍. 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനും ഇന്ത്യന്‍ ടീം തയാറെടുക്കുക ഗംഭീറിനു കീഴിലായിരിക്കും.