- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയില്‍ അതിശക്തമായ മഴയും വെള്ളക്കെട്ടും; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
മുംബൈ: കനത്ത മഴയില്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെമുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോര്‍ലി, ബന്ധാര ഭവന്, കുര്‍ള ഈസ്റ്റ്, മുംബൈയിലെ കിങ്സ് സര്‍ക്കിള്‍ ഏരിയ, ദാദര്‍, വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണത്തിനായി വിവിധ മേഖലകളില്‍ എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയില്‍ ട്രാക്കുകളില്‍ മണ്ണ് മൂടിയതിനെത്തുടര്‍ന്ന് താനെ ജില്ലയിലെ കസറ, ടിറ്റ്വാല സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. മുംബൈ ഡിവിഷനിലെ കല്യാണ്‍, കസറ സ്റ്റേഷനുകള്‍ക്കിടയിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് മണിക്കൂറിലധികം മഴ പെയ്യാതിരുന്നാല്‍ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ദിവസം മുഴുവന്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമോ അതിശക്തമോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.