- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് റണ്‍സിന്റെ കൂറ്റന്‍ വിജയം! ഹരാരെയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയുടെ മറുപടി; സിംബാബ്വെയെ നാണം കെടുത്തി ഗില്ലും സംഘവും
ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് നൂറ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 234 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 134 റണ്‍സില്‍ ഓള് ഔട്ടായി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 234. സിംബാബ്വെ- 18.4 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ട്.
കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ ഋതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
43 റണ്‍സെടുത്ത വെസ്ലി മധെവേരെ മാത്രമാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്. ബ്രയാന്‍ ബെന്നറ്റ് (26), ലൂക് ജോങ്വെ (33), ജോണ്‍താന്‍ കാംപെല്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആദ്യ നാല് ഓവറില്‍ തന്നെ നാലിന് 46 എന്ന നിലയിലായിരുന്നു സിംബാബ്വെ. ഇന്നൊസെന്റ് കയ്യൈ (4), ഡിയോണ്‍ മ്യേസ് (0), സിക്കന്ദര്‍ റാസ (0) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് - റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരന് മടങ്ങുന്നത്.
കഴിഞ്ഞ കളിയിലെ ടോപ് സ്കോറര്‍ ശുഭ്മാന്‍ ഗില്ലൊഴികെ ഇന്ത്യന്‍ നിരയില്‍ ബാക്കി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. 47 പന്തില്‍ എട്ട് സിക്സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്ക്വാദ് 47 പന്തില്‍ ഒരു സിക്സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്വാദിനൊപ്പം ക്രീസില്‍. സിംബാബ്വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്സ എന്നിവര്‍ക്കാണ് വിക്കറ്റ്. സിംബാബ്വെയ്ക്കായി വെസ്ലി മധ്വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്വെയും (23 പന്തില്‍ 27) പൊരുതിനോക്കി.
അവസാന പത്തോവറില്‍ 160 റണ്‍സാണ് ഇന്ത്യ നേടിയത്. ടി20-യില്‍ ഇന്ത്യ അവസാന പത്തോവറില്‍ നേടുന്ന റെക്കോഡ് സ്കോറാണിത്. 2007-ല്‍ കെനിയക്കെതിരേ നേടിയ 159 റണ്‍സാണ് ഇതിനു മുന്‍പത്തെ ടോപ് സ്കോര്‍. സിക്സോടെ തുടങ്ങി സിക്സോടെ അര്‍ധ സെഞ്ചുറി കടന്ന് സിക്സോടെ തന്നെ സെഞ്ചുറിയും പൂര്‍ത്തിയാക്കിയായിരുന്നു അഭിഷേക് ശര്‍മ മടങ്ങിയത്. 33 പന്തില്‍നിന്ന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം തുടര്‍ന്ന് സെഞ്ചുറിയിലെത്താന്‍ എടുത്തത് വെറും 14 പന്തുകള്‍.
രോഹിത് ശര്‍മ വിരമിച്ച ഉടനെത്തന്നെ രോഹിത്തിന്റെ റെക്കോഡും തകര്‍ത്തു ഈ ഓപ്പണിങ് ബാറ്റര്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യക്കാരന് എന്ന റെക്കോഡാണ് അഭിഷേക് മറികടന്നത്. ഐ.പി.എലിലും ദേശീയ ജഴ്സിയിലുമായി 50 സിക്സുകളാണ് ഈ കലണ്ടര്‍ വര്‍ഷം അഭിഷേക് നേടിയത്. 46 സിക്സുകള്‍ നേടിയ രോഹിത്തായിരുന്നു ഇതുവരെ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്. ഡിയോണ്‍ മിയേഴ്സ് എറിഞ്ഞ 12-ാം ഓവറില്‍ 28 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. മസാകദ്സയുടെ 14-ാം ഓവറില്‍ 21 റണ്‍സും ചതാരയുടെ 18-ാം ഓവറില്‍ 20 റണ്‍സും ജോങ്വെ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സും നേടി.