മുംബൈ: അശ്വിന്‍ നാഗ് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ബോക്സോഫീസില്‍ തരംഗമാവുകയാണ്. ആദ്യ വാരത്തില്‍ തന്നെ ചിത്രം 700 കോടി രൂപയിലധികം നേടിയിരിക്കുകയാണെന്നാണ്് അനലിസ്റ്റുകളുടെതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പോയാല്‍ ആഗോളതലത്തില്‍ 1000 കോടി ക്ലബ് എന്ന നേട്ടം അസാധ്യമാകില്ലെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. കല്‍ക്കി ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം 163.25 കോടി രൂപയെന്ന ഒരു നേട്ടത്തിലേക്കും എത്തിയിരിക്കുകയാണ്.

റിലീസ് ദിവസം ഹിന്ദി പതിപ്പ് 22.50 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഹിന്ദിയില്‍ നിന്ന് മാത്രം 23.25 കോടി രൂപയും ശനിയാഴ്ച്ച 26.25 കോടി രൂപയും നേടി. ഞായറാഴ്ചത്തെ ഹിന്ദി പതിപ്പിന്റെ കലക്ഷന്‍ 40.15 കോടിയാണ്. തിങ്കളാഴ്ച 16.50 കോടിയും ലഭിച്ചു.ചൊവ്വാഴ്ച്ചത്തെ 13 കോടിയും കണക്കിലെടുക്കുമ്പോള്‍ ആകെ 141.65 കോടി രൂപയായി. ബുധനാഴ്ച ഹിന്ദി പതിപ്പ് 11.50 കോടി രൂപയും നേടിയപ്പോള്‍ കല്‍ക്കി ഇന്നലെ 10.10ഉം നേടി.

ബോളിവുഡിനെപ്പോലും വിറപ്പിച്ച് കുതിക്കുമ്പോഴിത ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരു ബോളിവുഡ് താരം.കുട്ടികളുടെ ഇഷ്ടപ്പെട്ട ഇതിഹാസ സീരിയല്‍ ശക്തിമാനില്‍ പ്രധാന കഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചും ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത പ്രസിദ്ധമായ 'മഹാഭാരത്' സീരിയലിലെ ഭീഷ്മരെ അവതരിപ്പിച്ചും ശ്രദ്ധേയനായ മുകേഷ് ഖന്നയാണ് ചിത്രത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.മഹാഭാരതത്തിന്റെ കഥയെ മാറ്റാനുള്ള ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ തീരുമാനം കുറ്റകരമാണെന്നാണ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം ആഞ്ഞടിച്ചത്.

കല്‍ക്കി ചിത്രത്തിന്റെ മേക്കിംഗിനെ വാനോളം പ്രശംസിക്കുമ്പോഴും തിരക്കഥയില്‍ താന്‍ തൃപ്തനല്ലെന്ന് പറയുകയാണ് മുകേഷ് ഖന്ന.ചിത്രത്തില്‍ ആദ്യം അശ്വത്ഥാമാവിന്റെ നെറ്റിയിലുള്ള മണി എടുത്തശേഷം കൃഷ്ണന്‍ ശപിച്ചതായി കാണിക്കുന്നു. ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. വ്യാസമുനിയെക്കാള്‍ നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ കഴിയുമോ?' ചിത്രത്തിന്റെ നിര്‍മാതാക്കളോട് മുകേഷ് ഖന്ന ചോദിക്കുന്നു. കുട്ടിക്കാലം മുതലേ മഹാഭാരതം വായിക്കുന്നൊരാളാണ് ഞാന്‍. തന്റെ അഞ്ച് മക്കളെ അശ്വത്ഥാമാവ് കൊന്നതോടെ ദ്രൗപതിയാണ് അശ്വത്ഥാമാവിന്റെ മണി നീക്കണമെന്ന് ആവശ്യപ്പെട്ടത്.

'അശ്വത്ഥാമാവും അര്‍ജുനനും തമ്മില്‍ യുദ്ധമുണ്ടായി. ഇരുവരും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതെങ്ങനെ തിരികെയെടുക്കണമെന്ന് അര്‍ജുനന് മാത്രമേ അറിവുണ്ടായിരുന്നുള്ളു. അതുകൊണ്ട് അശ്വത്ഥാമാവ് അസ്ത്രം അഭിമന്യുവിന്റെ ഭാര്യയുടെ നേരെ തിരിച്ചുവിട്ടു. ഗര്‍ഭിണിയായ ഉത്തരയെ ഒന്‍പത് മാസം കൃഷ്ണനാണ് സംരക്ഷിച്ചത്. അത്ര ശക്തനായ കൃഷ്ണന്‍ എങ്ങനെ ഭാവിയില്‍ തന്നെ സംരക്ഷിക്കാന്‍ അശ്വത്ഥാമാവിനോട് തന്നെ ആവശ്യപ്പെടും.' മുകേഷ് ഖന്ന ചോദിച്ചു.

എല്ലാ ഹിന്ദുക്കളും ഈ കഥാമാറ്റത്തെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുരാണകഥകള്‍ തിരക്കഥയാകുന്ന ഘട്ടത്തില്‍ ഇതിനെ തള്ളിക്കളയാനോ പരിശോധിക്കാനോ പ്രാപ്തിയുള്ള ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും മുകേഷ് ഖന്ന ആവശ്യപ്പെട്ടു.ചിത്രത്തിന്റെ ആദ്യപകുതി വളരെയധികം ഇഴച്ചിലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം.അപ്ഡേറ്റുകളില്‍ സ്പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം.സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.