കൊച്ചി: എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജില്‍ പൊലീസ് ജാഗ്രത തുടരണമെന്നു ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിര്‍ദേശം. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരെ കോളജില്‍ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഘര്‍ഷത്തിനുശേഷം കോളജില്‍ ക്ലാസുകള്‍ പുനരാരംഭിച്ചതായി പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളജ് ഹൈക്കോടതിയെ സമീപിച്ചത്. കോളജിലേക്കു നടത്തിയ മാര്‍ച്ചില്‍ വച്ച് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കോളജ് ഹൈക്കോടതിയെ സമീപിക്കുകയും സംരക്ഷണം നല്‍കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ബി.ആര്‍.അഭിനവ്(21), എസ്എന്‍ഡിപി കോളജ് വിദ്യാര്‍ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരുമായ കെ.അമല്‍ജിത്ത് (20), അനില്‍ നിവാസില്‍ അനുനാദ്(20) എന്നിവര്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി. ഇവരും കണ്ടാലറിയുന്ന 15 പേരും ചേര്‍ന്ന് മര്‍ദിച്ചുവെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പരാതി.

7 വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കുന്ന കേസുകളില്‍ പൊതുവേ പൊലീസ് അറസ്റ്റ് ഒഴിവാക്കി നോട്ടിസ് നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എസ്എഫ്‌ഐയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനും നോട്ടിസ് നല്‍കിയിരുന്നു. അതേസമയം പൊലീസ് സാന്നിധ്യത്തില്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.