പാലക്കാട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ അക്രമം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെഎസ്ഇബിയുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തിയിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട് ഊരുവിലക്കിന്റെ ഭൂതകാല തികട്ടലാണെന്ന് പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ ആരോപിച്ചു.

കോഴിക്കോട് തിരുവമ്പാടിയില്‍ മക്കള്‍ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തില്‍ വീട്ടിലെ ഫ്യൂസ് ഊരിയത് മനുഷ്യത്വ രഹിത നടപടിയാണ്. മക്കള്‍ തെറ്റു ചെയ്‌തെങ്കില്‍ രക്ഷിതാക്കള്‍ ശിക്ഷിക്കപ്പെടണമെന്നു പറയുന്നത് പ്രാകൃത നിയമമാണ്. മുതിര്‍ന്ന പൗരന്മാരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനു ഉദാഹരണമാണ് തിരുവമ്പാടിയിലെ നടപടികള്‍.

ചിറ്റൂരിലെ പെരുമാട്ടിയില്‍ സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവരെ ഊരുവിലക്കുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശീലമാണ്. അത്തരം ശീലങ്ങള്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടും മാറുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. കെ.എസ്.ഇ.ബിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്റെ നടപടി കെ. കൃഷ്ണന്‍കുട്ടിയുടെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.