കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും പോലീസ് നോട്ടീസ്. എസ്എഫ്‌ഐ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഇരുവരോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊയിലാണ്ടി പോലീസാണ് നോട്ടീസ് നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി കെ.പി. രമേശന്‍ എന്നിവരോട് അടുത്തദിവസം ഹാജരാകാനാണ് നിര്‍ദേശം.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്‌തെന്നും മര്‍ദിച്ചെന്നുമാണ് പരാതി.

പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് ആരോപണം. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നായിരുന്നു എസ്.എഫ്.ഐക്കാര്‍ ആരോപിച്ചത്. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നപ്പോള്‍ മറ്റ് അധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്.