- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടുപ്പിച്ച് 'മറിമായം' ടീം; തട്ടിക്കൂട്ടിയ തിരക്കഥയും അമേച്വര്‍ സംവിധാനവും തിരിച്ചടി; തറക്കോമഡികളും ഒട്ടേറെ; 'പഞ്ചായത്ത് ജെട്ടി' ഒരു സമ്പുര്‍ണ്ണ പരാജയം
2011 മുതല്‍, അതായത് കഴിഞ്ഞ 13 വര്‍ഷമായി ഏകദേശം ഒരേ ടീം അഭിനയിക്കുന്ന മനോഹരമായ ടെലിവിഷന്‍ ആക്ഷേപഹാസ്യ പരിപാടി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന 'മറിമായം' എന്ന പരിപാടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അത്രക്ക് രസകരമാണ് മറിമായത്തിന്റെ ഓരോ എപ്പിസോഡുകളും.
കേവലം, തൊലിപ്പുറമെയുള്ള ചിരി മാത്രമല്ല, ചിന്തിക്കാനും ധാരാളമുള്ള ഒരു സാമൂഹിക വിമര്‍ശനമാണ് അവര്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് മറിമായത്തില്‍ കൂടുതല്‍ വന്നിട്ടുള്ളത്. പക്ഷേ പല എപ്പിസോഡുകളും, സെക്യൂരിറ്റിക്കാരുടെയും, ഹോട്ടല്‍- തട്ടുകട തൊഴിലാളികളുടെയും അതിഥി തൊഴിലാളികളുമൊക്കെയായി കേരളീയ ജീവിതത്തിന്റെ പല മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു. നര്‍മ്മത്തോടൊപ്പം ബ്ലാക്ക് ഹ്യൂമറിന്റെ നൊമ്പരവും അതില്‍ ഉണ്ടായിരുന്നു.
മറിമായത്തിലെ നടീനടന്മ്മാര് സിനിമാ - സീരിയന് താരങ്ങളെപ്പോലെ കേരളീയര്‍ക്ക് സുപരിചിതരാണ്. സത്യശീലനായി മണികണ്ഠന് പട്ടാമ്പിയും, മൊയ്തു/ആരോമല്‍ ആയി വിനോദ് കോവൂരും, കോയ/ശീതളനായി നിയാസ് ബക്കറം, മന്മദനായി റിയാസ് നര്‍മ്മകലയും, മണ്ഡോദരി/സുഹറയായി സ്നേഹ ശ്രീകുമാറും, സുഗതനായി മണി ഷൊര്‍ണൂരും, പ്യാരിജാതനായി സലിം ഹസ്സനും, ഉണ്ണിയായി ഉണ്ണിരാജയുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇവരില്‍ പലരും സിനിമയിലും കഴിവ് തെളിയിച്ചവരുമാണ്. അതുകൊണ്ടുതന്നെ ഈ മറിമായം ടീം ഒരു ചലച്ചിത്രമെടുക്കുന്നുവെന്ന് കേട്ടപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. സത്യന് അന്തിക്കാടിനും, ശ്രീനിവാസനും, സിദ്ദീഖ്-ലാലിനും, പ്രിയദര്‍ശനുമൊക്കെ ശേഷം, മലയാളത്തിന്റെ അടുത്ത തലമുറാ ഹാസ്യ സിനിമകള്‍ ഈ പ്രതിഭകളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയവര്‍ പോലുമുണ്ട്.
പക്ഷേ 'പഞ്ചായത്ത്് ജെട്ടി'യെന്നപേരില്, മറിമായം ടീം ഒരുക്കിയ സിനിമ കണ്ടപ്പോള്‍ മനസ് തകര്‍ന്നുപോയി. ഉരുള്‍പൊട്ടലിന്റെയും, പേമാരിയുടെയും വാര്‍ത്തകള്‍ കണ്ട് അമ്പരുന്നു നില്ക്കുന്ന മനുഷ്യന്റെ നെഞ്ചിലേക്ക്, കോമഡിയെന്നപേരില്‍ ലോജിക്കില്ലാത്ത കുറേ കോപ്രായങ്ങള്‍ ഇടിച്ചിട്ട് തരികയാണ് മറിമായം ടീം! മറിമായത്തിന്റെ ആരാധകരോട് ചെയ്ത കടുത്ത അപരാധമായിപ്പോയി ഈ സിനിമ.
സ്കിറ്റല്ല, സിനിമയുടെ സ്ക്രിപ്റ്റ്
മണികണ്ഠന് പട്ടാമ്പിയും ( മീശമാധവനില്‍ ഭഗീരഥന് പിള്ളയുടെ വെടിവഴിപാട് മൈക്കിലുടെ വിളിച്ചുചോദിക്കുന്ന കക്ഷി. മറിമായത്തിലെ സത്യശീലന്) സലിം ഹസ്സനും ( മറിമായത്തിലെ പ്യാരി) ചേര്‍ന്നാണ് സിനിമയുടെ രചനയും സംവിധാനവും. ഇതില്‍ രചനയാണ് പറ്റെ പാളിപ്പോയത്. (രചനയെന്നാല്‍ സ്ക്രിപ്റ്റാണ് ഉദ്ദേശിച്ചത്്. മറിമായത്തിലുടെ വളര്‍ന്ന് സിനിമാ നടിയായ രചന നാരായണന് കുട്ടിയാണ് ചിത്രത്തിലെ നായിക. തന്റെ വേഷം രചന നന്നായി ചെയ്തിട്ടുണ്ട്.)
ഒരുപാട് സ്കിറ്റുകള്‍ കൂട്ടിയോജിപ്പിച്ചുവെച്ച ഒരു തട്ടിക്കൂട്ട് സിനിമപോലെയാണ് ഇത് തോന്നിയത്. ഓരോ രംഗങ്ങളായി നോക്കുമ്പോള്‍ കുഴപ്പമില്ല. എല്ലാ നടന്മ്മാരും നന്നായി ചെയ്തിട്ടുമുണ്ട്. പക്ഷേ ടോട്ടാലിറ്റിയില്‍ വട്ടപൂജ്യമാണ്. ( രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവര്‍ണ്ണതത്ത' അടക്കമുള്ള സിനിമകള്‍ക്കും ഇതേ പ്രശ്നമുണ്ട്. ഇത് സ്റ്റേജേ് ഷോകളില്‍നിന്നും മിമിക്രിയില്‍നിന്നും വന്നവരുടെ പൊതു പ്രശ്നമാണെന്ന് തോനുന്നു. ) തങ്ങള്‍ ചെയ്തുവെച്ച മറിമായം സ്കിറ്റിന്റെ ഒരു എക്സ്്റ്റന്ഷനായി, ഒരു മുഴുനീള ചിലച്ചിത്രമെടുത്താല് അത് കുളമാകും എന്ന് മനസ്സിലാക്കാനുള്ള സമാന്യബുദ്ധി, ഇത്രയും മിടുക്കരായ കലാകാരന്മ്മാര്ക്ക് ഇല്ലാതെപോയി എന്നത് അത്ഭുതമാണ്.
സലിം ഹസ്സന് തന്നെയാണ് ചിത്രത്തിലെ നായകനും. ഒരു നല്ലവനായ പഞ്ചായത്ത് മെമ്പറുടെ വേഷമാണ് അദ്ദേഹത്തിന്. പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനകീയനുമായ 'ഒ കെ' എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന പൊതുപ്രവര്ത്തകന് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തില്‍. പഞ്ചായത്തുകളിലെ പതിവായ ഭരണ-പ്രതിപക്ഷ പോരും പാരവെപ്പും ചിത്രത്തിലുണ്ട്. അധികാരത്തിലെത്താന്‍ സകല കുറുക്കുവഴികളും പ്രയോഗിക്കുന്ന പ്രതിപക്ഷ നേതാവ് വല്ലഭനായാണ് മണികണ്ഠന് പട്ടാമ്പി എത്തുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് ബസ്സ് ഇല്ലാത്തതും, പൊതു ശ്മശാനം ഇല്ലാത്തതും. അത് രണ്ടും പരിഹരിക്കാന്‍ നമ്മുടെ 'ഒ കെ' മുന്നിട്ടിറങ്ങുന്നതും, തുടര്‍ന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'സഞ്ചാരം' പരിപാടിയെ അനുകരിച്ച് അനീഷ് പുന്നന്‍ പീറ്ററിന്റെ ശബ്ദത്തില്‍ തുടങ്ങുന്ന ചിത്രം, പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ആദ്യ രംഗങ്ങളിലെ നര്‍മ്മവും കൗതുകവും പിന്നീട് കിട്ടുന്നില്ല. എന്തിനോ വേണ്ടിയെന്നോണം കഥയങ്ങോട്ട് പോവുകയാണ്. ഇവിടെയൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചിത്രത്തിന് കഴിയുന്നില്ല. ആര്‍ക്കോ വേണ്ടിയെന്നോണം ആദ്യപകുതി അവസാനിക്കയാണ്.
തറക്കോമഡികള്‍ ഒട്ടേറെ
യുക്തിഭദ്രമായ, സ്വാഭവികമായ നര്‍മ്മമായിരുന്നു 'മറിമായ'ത്തിന്റെ ഹൈലെറ്റ്. പക്ഷേ ചിത്രത്തില്‍ അത് കാണുന്നില്ല. പല തമാശകളും കുതറ നിലവാരത്തിലാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം. ഉണ്ണിരാജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യക്ക് ചന്തിക്ക് കുരുവന്ന് ഓപ്പറേഷന് പറഞ്ഞിരിക്കയാണ്. അപ്പോള്‍ ബസില്ച്ചെ് ഒരുത്തന് അവളെ കയറിപ്പിടച്ച് കുരുപൊട്ടുന്നു. അങ്ങനെ പഞ്ചായത്ത് ഓഫീസിലേക്ക് ഓടിയെത്തുകയാണ് ഉണ്ണിരാജയുടെ കഥാപാത്രം. അയാള്‍ ബസ് ഉടമ കൂടിയായ, നായകന് ഒ കെ യോട് നന്ദി പറയുകയാണ്. ചന്തിയിലെ കുരു കീറിയെടുക്കാന്‍ ഡോക്ടര്‍ വലിയ തുകയാണ് പറഞ്ഞതെന്നും, ബസിലെ പീഡനംമൂലം അത് ലാഭമായി എന്നും! ഇത്തരത്തില്‍, 90കളിലെ കോളജ് കാലത്ത് കേട്ട ചളിക്കോമഡികള് ചിത്രത്തില്‍ തിരുകിക്കയറ്റിയിരിക്കയാണ്, മണികണ്ഠനും കൂട്ടരും.
മറിമായം ടിവി ഷോയില്‍ ഒരിക്കലും കാണാത്ത ബോഡിഷെയ്മിങ്ങും, സ്ത്രീവിരുദ്ധതയുമെല്ലാം സിനിമയില്‍ ധാരാളം കടന്നുവരുന്നുണ്ട്. സ്നേഹ ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം, ഒരു കറുത്തവനുമായുള്ള ഒളിച്ചോട്ടവും, തുടര്‍ന്നുള്ള രംഗങ്ങളുമൊക്കെ ഈ ആധുനിക കാലത്ത് ആരെങ്കിലും കോമഡി എന്ന് പറയുമോ? സ്ത്രീകളുടെ പിന്‍ഭാഗം കാണിച്ചുകൊണ്ട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള കോമഡികള്‍ വേറെയുമുണ്ട് ചിത്രത്തില്‍. ഒരു പൊതുപ്രവര്‍ത്തകനായ വല്ലഭന്, ഭാര്യയുള്ള സ്വന്തം വീട്ടില്‍വെച്ച്, കാമുകിയുമായി മണിക്കൂറുകള്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതുപോലുള്ള യുക്തിരാഹിത്യങ്ങള്‍ വേറെയും.
ആര്‍ക്കും പ്രവചിക്കാവുന്ന രീതിയില്‍ ദുര്‍ബലമാണ് ചിത്രത്തിന്റെ കഥ. 'ഓ കെ' എന്ന സലീം ഹസ്സന്റെ നായകന് ബസ്സ് വാങ്ങുമ്പോള്‍ തന്നെ നമുക്ക് അറിയാം ഇത് പൊളിഞ്ഞ് പാളീസാവുമെന്ന്. വരവേല്പ്, പഞ്ചവടിപ്പാലം തുടങ്ങിയ ക്ലാസിക്ക്് സിനിമകളുടെ വികൃതമായ അനുകരണമാവുകയാണ് പഞ്ചായത്ത് ജെട്ടി. ഒരിടത്തും ഉള്ളുതുറന്ന് ചിരിവരുന്നില്ല. ഒരിടത്തും നൊമ്പരമുണ്ടാവുന്നില്ല. അവസാനത്തെ പത്തുമിനിട്ടില്‍ മാത്രമാണ്, ചിത്രം ഒന്ന് എന്‍ഗേജിങ്ങ് ആവുന്നത്. ചിത്രത്തിന്റെ സംവിധാനവും മോശമാണ്. പലയിടത്തും അമേച്വറിസം ഫീല്‍ ചെയ്യുന്നുണ്ട്.
പക്ഷേ അഭിനേതാക്കളില്‍ ആരും മോശമായിട്ടില്ല. മറിമായത്തിലെ അറിയപ്പെടുന്ന നടീ നടന്മ്മാര്ക്ക് പുറമേ, രാഘവന്, വീണ നായര്‍, മനോഹരിയമ്മ, സുധീര്‍ പരവൂര്‍, അരുണ്‍ പുനലൂര്‍, ഉണ്ണി നായര്‍, രശ്മി അനില്‍, ജെയിംസ് ഏല്യ, സേതുലക്ഷ്മിയമ്മ, പൗളി വില്സന് തുടങ്ങി ചെറുതുവും വലതുമായി വേഷം ചെയ്ത ആരും പറയിപ്പിച്ചിട്ടില്ല. ഇവരില്‍ പലരും മറിമായത്തില്‍ വന്നുപോവുന്നവരുമാണ്. ഈ ടീമിന് പുറത്തുനിന്ന് വന്ന ഏക അറിയപ്പെടുന്ന നടന് സലീം കുമാര്‍ മാത്രമാണ്. പക്ഷേ കഥ ദുര്‍ബലമായാല്‍, അഭിനേതാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും.
ഈ പരാജയം മറിമായം ടീമിന് നല്കുന്ന ഒരു ഗുണപാഠമുണ്ട്. 'ഉദയനാണ് താരത്തില്‍', സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പറയുന്നതുപോലെ സംവിധായകനാണ് താരം. സ്ക്രിപിറ്റാണ് സൂപ്പര്‍ സ്റ്റാര്‍. നിങ്ങള്‍ക്ക് കിട്ടുന്ന കൈയടികള്‍, മറിമായത്തിന്റെ ഡയറക്ടര്‍ മിഥുന് ചേറ്റുരിനും, അതുപോലെ ആദ്യകാലം തൊട്ട് അതിന്റെ സ്ക്രിപ്റ്റ് എഴുതിയ ഡോ എന്‍ പി സജീഷ്പോലുള്ള പ്രതിഭാശാലികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ആ കോമ്പോ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാവുന്നത്. ഇതേ നടീനടന്മ്മാരെ വെച്ച് ഒരു നല്ല സ്ക്രിപ്റ്റും, കഴിവുള്ള ഡയറക്ടറുമുണ്ടെങ്കില് സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാവും. അത്രക്ക് കഴിവുള്ളവരാണ് ഇവര്‍. രണ്ടാമൂഴത്തില്‍ ഒരു നല്ല സ്ക്രിപ്്റ്റുമായി മറിമായം ടീമിന് തിരിച്ചുവരാന്‍ കഴിയട്ടേ എന്ന് ആശംസിക്കാം.
വാല്‍ക്കഷ്ണം: ഒരു പരാജയം കൊണ്ട് ആരെയും എഴുതിത്തള്ളാന്‍ കഴിയില്ല. അസാധ്യകഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് മണികണ്ഠന് പട്ടാമ്പിയും കൂട്ടരും. ലോക സിനിമയില്‍ തന്നെ മികച്ച ചിത്രങ്ങള്‍ എടുത്തവരില്‍ പലരുടെയും ആദ്യ ചിത്രം ദുരന്തമായിരുന്നു, എന്നത് മറന്നുപോവരുത്.