ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ മൂന്നാം മത്സരത്തില്‍ ടീം മാനേജ്‌മെന്റിനു പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പം. മലയാളി താരം സഞ്ജു സാംസണ്‍, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ തിരിച്ചുവന്നതോടെ ഓപ്പണിംഗില്‍ അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ആര് ഇറങ്ങും എന്നതടക്കം തല പുകയ്‌ക്കേണ്ടി വന്നേക്കും.

ലോകകപ്പ് നേടിയ ടീമില്‍ അംഗങ്ങളായിരുന്ന ഇരുവരും മൂന്നാം ട്വന്റി20ക്കു മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നതോടെ, രണ്ടാം മത്സരം ജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്ന് തല പുകയ്ക്കുകയാണ് മുഖ്യ പരിശീലകന്‍ വി.വി.എസ്. ലക്ഷ്മണും ടീം മാനേജ്‌മെന്റും. ബുധനാഴ്ചയാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നാം ട്വന്റി20 മത്സരം.

അതേസമയം, സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളുടെ തിരിച്ചുവരവ് നല്‍കുന്ന സുഖകരമായ തലവേദന സ്വാഗതാര്‍ഹമാണെന്നാണ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നിലപാട്. രണ്ടാം ട്വന്റി20ക്കു പിന്നാലെ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളെ ഇന്ത്യന്‍ ക്യാംപിലേക്കു സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍.

"ആദ്യ മത്സരത്തിലുണ്ടായിരുന്ന കടുത്ത സമ്മര്‍ദ്ദം ഒരു തരത്തില്‍ നന്നായെന്നു തോന്നുന്നു. രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുമ്പോള്‍ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ഇനിയും പരമ്പരയില്‍ മൂന്നു മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. ആ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നു. എന്തായാലും മൂന്നു പേര്‍ കൂടി വന്നതോടെ ടീമിനു മുന്നില്‍ കൂടുതല്‍ സാധ്യതകളുണ്ട്. ഒരു ഓപ്ഷനും ഇല്ലാത്തതിനേക്കാള്‍ നല്ലത് ഓപ്ഷന്‍സിന്റെ എണ്ണം കൂടുന്നതല്ലേ?" ഗില്‍ ചോദിച്ചു.

അതേസമയം, മൂവര്‍ സംഘത്തിന്റെ വരവോടെ ടീമിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു താരങ്ങള്‍ നാട്ടിലേക്കു മടങ്ങും. സഞ്ജുവും സംഘവും എത്താന്‍ വൈകുന്ന സാഹചര്യത്തില്‍ ബിസിസിഐ ടീമിനൊപ്പം അയച്ച ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ എന്നിവരാണ് ഇവര്‍ക്കായി വഴിമാറുക. ഇതില്‍ സായ് സുദര്‍ശന്‍ രണ്ടാം ട്വന്റി20ക്കുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. മറ്റു രണ്ടു പേര്‍ക്ക് രണ്ടു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.

ഓപ്പണറോ മൂന്നാം നമ്പറിലോ ഇറങ്ങാറുള്ള സായ് സുദര്‍ശനെ അഞ്ചാമതായാണ് രണ്ടാം ടി20യില്‍ ഇറക്കാനിരുന്നിരുന്നത്. ഹര്‍ഷിത് റാണക്കും ജിതേഷ് ശര്‍മക്കും ആദ്യ രണ്ട് കളികളിലും പ്ലേയിംഗ് ഇലവനിലെത്താനായില്ല. ജിതേഷ് ശര്‍മക്ക് പകരം ധ്രുവ് ജുറെല്‍ ആണ് ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കാത്തത്.

മറ്റന്നാള്‍ നടക്കുന്ന മൂന്നാം ടി20യില്‍ സഞ്ജുവും ദുബെയും യശസ്വിയും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ സഞ്ജുവിനും ദുബെക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ദുബെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നു.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച ഇന്ത്യയും സിംബാബ്വെയും നിലവില്‍ സമനില പാലിക്കുകയാണ്. ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍.