നേപ്പാൾ: ശക്തമായ മഞ്ഞു വീഴ്‌ച്ചയിൽ റെക്കോർഡ് ജേതാവായ പർവ്വതാരോഹകൻ ഉൾപ്പടെ ഒൻപതു പേർക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് റിപ്പോർട്ട്. നേപ്പാളിൽ ഹിമാലയ പർവ്വതനിരകളിൽ ആഞ്ഞടിച്ച മഞ്ഞുവർഷമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. ഹിമാലയൻ പർവ്വത നിരകളുടെ സമീപപ്രദേശമായ മൗണ്ട് ഗുർജയ്ക്ക് സമീപമാണ് റെക്കോർഡ് ജേതാവായ കിം ചാങ് ഹോ ഉൾപ്പടെ ഒൻപത് പേർ ക്യാമ്പ് ചെയ്തിരുന്നത്. ദക്ഷിണ കൊറിയൻ വംശജനാണ് കിം. ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തിന് സമീപമായി നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരുടെ മൃതദ്ദേഹം കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.

മരിച്ചവരിൽ അഞ്ചു പേർ ദക്ഷിണ കൊറിയൻ പർവ്വതാരോഹകരും നാലു പേർ നേപ്പാളി ഗൈഡുകളുമായിരുന്നു. ലോകത്തെ 14 വലിയ കൊടുമുടികൾക്ക് മുകളിൽ ഏറ്റവും വേഗത്തിൽ കയറിയ വ്യക്തി എന്ന റെക്കോർഡ് കിമ്മിന് സ്വന്തമായിരുന്നു. ഓക്‌സിജൻ തീർത്തും ഇല്ലാത്ത കൊടുമുടികളുടെ മുകളിൽ കയറിയ ചുരുക്കം വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. രക്ഷാപ്രവർത്തനത്തിനായി എത്തിയ ഹെലികോപ്റ്ററിൽ നിന്നും ഇവർ ക്യാമ്പ് ചെയ്തിരുന്ന ഭാഗത്ത് മൃതദ്ദേഹങ്ങൾ ചിതറി കിടക്കുന്നത് കണ്ടെന്നും ശക്തമായ കാറ്റു മൂലം ഇവിടേയ്ക്ക് ഇറങ്ങാൻ കഴിയാതിരുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഇവർ പങ്കെടുക്കാനിരുന്ന പർവ്വതാരോഹണ പരിപാടിക്കിടെ സംഘാടകർ ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും 24 മണിക്കൂറിലേറെ ഇത് വിച്ഛേദിക്കപ്പെട്ടെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് ഈ ഭാഗത്ത് ശക്തമായ മഞ്ഞു കാറ്റുണ്ടായെന്നും ഇവർ അപകടത്തിൽ പെട്ടെന്നുമുള്ള വിവരം പുറംലോകമറിയുന്നത്. മോശം കാലാവസ്ഥയായിരുന്നതിനാൽ ഇവർ സ്ഥിതി ശാന്തമാകുന്നത് വരെ കാത്തിരുന്നതാവാമെന്നാണ് നിഗമനം. മൗണ്ട് ഗുർജ എന്നത് ഏറെ അപകടഭീഷണിയുള്ള സ്ഥലമായതിനാൽ ഈ ഭാഗത്ത് 1996ന് ശേഷം പർവ്വതാരോഹകർ വരാറില്ല.