ഓക്ക്‌ലാൻഡ്: കുടിയേറ്റത്തിന്റെ കാര്യത്തിൽ റെക്കോർഡ് തീർത്ത് ന്യൂസിലാൻഡ്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് കുടിയേറിയവരുടെ എണ്ണം 67,600 ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂസിലാൻഡ് വ്യക്തമാക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒമ്പതു ശതമാനം വർധനയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അയൽരാജ്യമായ ഓസ്‌ട്രേലിയയിൽ നിന്നാണ് ഇവിടേയ്ക്ക് ഏറ്റവും കൂടുതൽ പേർ കുടിയേറുന്നത്. 

കുടിയേറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകുന്നുണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. സർവീസ്, റീട്ടെയ്ൽ, വാഹനം, ഹൗസിങ് തുടങ്ങിയ മേഖലകളിലാണ് കുടിയേറ്റം കൊണ്ട് ഏറെ പ്രയോജനം ലഭിക്കുന്നത്. വർക്ക് വിസയിൽ ന്യൂസിലാൻഡിലേക്ക് കുടിയേറുന്നവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വരെ ഇത് 12 ശതമാനം എന്ന തോതിലാണ് വർധിച്ചിരിക്കുന്നത്. അതേസമയം സ്റ്റുഡന്റ് വിസയിൽ ഇവിടെയെത്തുന്നവരുടെ എണ്ണം 8.7 ശതമാനവും ഓസ്‌ട്രേലിയയിൽ നിന്നുള്ളവരുടെ എണ്ണം 5.9 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്.

സ്റ്റുഡന്റ് വിസയിൽ രാജ്യത്ത് എത്തുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ചൈനക്കാരാണ്. ചൈനയിൽ നിന്നുള്ള സ്റ്റുഡന്റ്‌സിന്റെ എണ്ണത്തിൽ 20 ശതമാനം വർധനയും ഫിലിപ്പൈൻസിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 70 ശതമാനം വർധനയും രേഖപ്പെടുത്തുന്നുണ്ട്.

വർക്ക് വിസയിൽ ന്യൂസിലാൻഡിലെത്തുന്നവരിൽ ഭൂരിഭാഗവും ഫ്രാൻസ്, യുകെ, ഓസ്‌ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ തന്നെ ഓക്ക്‌ലാൻഡിലേക്കാണ് ഭൂരിഭാഗവും പേർ എത്തുക. ഓക്ക്‌ലാൻഡിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനയും കാന്റർബറിയിലെത്തുന്നവരുടെ എണ്ണത്തിൽ 5.4 ശതമാനവും വെല്ലിങ്ടണിലേക്കുള്ള കുടിയേറ്റത്തിൽ 13 ശതമാനം വർധനയുമാണ് രേഖപ്പെടുത്തുന്നത്.