റിയാദ്: സൗദിയിലേക്കുള്ള വിദേശ റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. രാജ്യത്തെ സ്വദേശിവൽക്കരണ പദ്ധതി ഊർജ്ജിതമായി നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ ആണ് വിദേശ റിക്രൂട്ടമെന്റ് കുത്തനെ കുറച്ചത്. ഇതിന്റെ ഭാഗമായി 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നു..

കഴിഞ്ഞ വർഷം 8,49,000 തൊഴിൽ വിസ അപേക്ഷകൾ ലഭിച്ചതായും സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ പരമാവധി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കു ന്നതിനുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിവലസരങ്ങൾ നാഷണൽ ലേബർ ഗേറ്റ്‌വേ പോർട്ടലിൽ പരസ്യപ്പെടുത്തണം എന്ന വ്യവസ്ഥയും നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം വീട്ടുവേലക്കാരുടെയും സർക്കാർ സർവീസിലുമുള്ള റിക്രൂട്ടിങ്ങിൽ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങിൽ 14 ശതമാനം വർധിച്ചപ്പോൾ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിങ്ങിൽ 81 ശതമാനം വർധനവാണ് 2016ൽ രേഖപ്പെടുത്തിയത്. 4,80,000 പേർ 2016ൽ സ്‌പോൺസർഷിപ്പ് മാറിയതായും മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു.